സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജിയെ മാറ്റി; നടപടി സി.ബി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിനു പിന്നാലെ
National Politics
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജിയെ മാറ്റി; നടപടി സി.ബി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിനു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2018, 2:59 pm

 

ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയുടെ സമീപനത്തെ വിമര്‍ശിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കി. ജസ്റ്റിസ് രേവതി മോഹിത് ദേരെയെയാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്.

ഫെബ്രുവരി 26നാണ് രേവതിയെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ജസ്റ്റിസ് എന്‍.ഡബ്ല്യു സാംബ്രെയാണ് ഇനി മുതല്‍ കേസ് പരിഗണിക്കുക.


Must Read: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ നീതിപീഠത്തിന്റെ പരാജയങ്ങള്‍ ഇവയാണ്: സംശയാസ്പദമായ കോടതി നടപടികള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് മുന്‍ ജഡ്ജി അഭയ് എം. തിപ്‌സെ


സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് കേസിലെ നിയമനടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ നടപടി ജനുവരി 24ന് രേവതി റദ്ദാക്കിയിരുന്നു. സി.ബി.ഐ സാക്ഷികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും വ്യക്തതയില്ലാതെ കേസ് അവതരിപ്പിക്കുന്നെന്നും രേവതി വിമര്‍ശിച്ചിരുന്നു.

മൂന്നുമാസം മുമ്പാണ് കേസിലെ പുനപരിശോധനാ ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ രേവതിയെ നിയോഗിച്ചത്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും രാജസ്ഥാന്‍ പൊലീസ് ഓഫീസര്‍ ദിനേഷ് എം.എല്‍, മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി.ജി വെന്‍സാര, മുന്‍ എസ്.പി രാജ്കുമാര്‍ പാണ്ഡ്യന്‍ എന്നിവരെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് ഷൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുപാബുദ്ദീന്‍ നല്‍കിയ മൂന്നു ഹര്‍ജികളുള്‍പ്പെടെയാണ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.