ഇംഫാല്‍: മണിപ്പൂരില്‍ ഏറ്റവും പുതിയ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഖാമെന്‍ലോകിലാണ് വെടിവെപ്പ് ഉണ്ടായതെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് മണിപ്പൂരിലെ വിവിധ ജില്ലകളില്‍ കര്‍ഫ്യൂ പുനസ്ഥാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെയും ഒരാള്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബിഷ്ണുപൂരിലാണ് ഒരു അക്രമിയെ സൈന്യം വെടിവെച്ച് കൊന്നത്. മെയ്തി ഭൂരിപക്ഷമുള്ള ഇംഫാല്‍ ഈസ്റ്റ് ജില്ലയുടെയും കുക്കികള്‍ പാര്‍ക്കുന്ന കാങ്‌പോക്പി ജില്ലയുടെയും അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ 13,000ത്തിലേറെ ആയുധങ്ങളും 230 ബോംബുകളും തിരിച്ചുപിടിച്ചതായി മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വ്യാഴാഴ്ച രാജ്ഭവനില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് പുതിയ അക്രമസംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. സമാധാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെ ഉള്‍പ്പെടുത്തിയതിനെ ഇന്‍ഡിജന്‍സ് ട്രൈബര്‍ ലീഡേഴ്‌സ് ഫോറം എതിര്‍ത്തിരുന്നു.
15ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനില്‍ വെച്ചാണ് സമാധാന കമ്മിറ്റിയുടെ പ്രഥമ യോഗം ചേരുക. മെയ്തി വിഭാഗം ചര്‍ച്ചയെ സ്വാഗതം ചെയ്‌തെങ്കിലും കുക്കി വിഭാഗം സംഘടനയായ ‘കുക്കി ഇന്‍പി മണിപ്പൂര്‍’ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: fresh firing in manipur, 9 dead and several people injured