| Tuesday, 26th December 2017, 8:22 am

'ബാംഗി'യെന്ന പരാമര്‍ശം: സല്‍മാനും ശില്‍പ്പാ ഷെട്ടിയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്‍പ്പാ ഷെട്ടിയ്ക്കുമെതിരെ പരാതി. “ബാംഗി” എന്ന വാക്ക് ഉപയോഗിച്ചതിനാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ റോജ്ഗര്‍ അഖാരി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാണ് ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരുടെ ബാംഗിയെന്ന പരാമര്‍ശം പട്ടികജാതിക്കാരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചാണ് പരാതി.

അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ നൃത്തം ചെയ്യാനുള്ള കഴിവിനെ “ബാംഗി”യുമായി താരതമ്യം ചെയ്തുകൊണ്ട് സല്‍മാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. നേരത്തെ ശില്‍പ്പ ഷെട്ടിയും ഒരു അഭിമുഖത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു.

മുംബൈയിലെ ഗൊരേഗൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ആര്‍.എ.ആര്‍.പി.ഐ വൈസ് പ്രസിഡന്റ് കിഷോര്‍ കുമാര്‍ മസൂം പരാതി നല്‍കിയത്. ശനിയാഴ്ച അന്ധേരി പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ മസൂം പരാതി നല്‍കിയിരുന്നു.


Must Read: 48 മണിക്കൂറിനുളളില്‍ സൗദി കൊന്നൊടുക്കിയത് 70 യെമന്‍ പൗരന്മാരെ: ജറുസലേം വിഷയത്തില്‍ ട്രംപിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെയും ആക്രമണം


“ശില്‍പ്പ ഖേദം പ്രകടിപ്പിച്ച കാര്യം അറിയാം. പക്ഷേ ഇതുകൊണ്ടൊന്നും യാഥാര്‍ത്ഥ്യം മാറുന്നില്ല. നിയമപ്രകാരം ഇവര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവുശിക്ഷ ലഭിക്കണം.” മസൂം പറഞ്ഞു.

48 മണിക്കൂറിനുള്ളില്‍ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യമെമ്പാടുമുളള ദളിത് സമാജം ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

We use cookies to give you the best possible experience. Learn more