പാരീസ്: യൂറോ കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഇംഗ്ലണ്ട് കളിക്കാര്‍ക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തില്‍ താരങ്ങള്‍ക്ക് പിന്തുണയുമായി ഫ്രഞ്ച് താരം പോള്‍ പൊഗ്ബ. വംശീയതയെ സഹിക്കാനോ, അതിനെതിരെ നിലകൊള്ളാതിരിക്കാനോ കഴിയില്ലെന്നും വംശീയതക്കെതിരെ പോരാടിയേ മതിയാകൂ എന്നും പോഗ്ബ അദ്ദേഹത്തിന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പറഞ്ഞു.
തല ഉയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തത്തോടെ ഇനിയും കളത്തിലിറങ്ങണമെന്നും ഈ മനോഹരമായ കളിയുടെ ഭാഗമാണ് നമ്മളെന്നും വംശീയ അധിക്ഷേപം നേരിട്ട കറുത്ത വര്‍ഗക്കാരായ റാഷ്ഫഡ്, ജെഡന്‍ സാഞ്ചോ, ബുക്കായോ സാക എന്നീ ഇംഗ്ലണ്ട് താരങ്ങളെ ടാഗ് ചെയ്ത് പോഗ്ബ പറഞ്ഞു.
‘ഞാന്‍ നിങ്ങളോടൊപ്പമാണ്. ഫുട്‌ബോള്‍ മത്സരത്തില്‍ ചിലത് വിജയിക്കും, ചിലതില്‍ നമ്മള്‍ക്ക് പരാജയപ്പെടും. പെനാല്‍റ്റികള്‍ എടുക്കാന്‍ നിങ്ങള്‍ ധൈര്യം കാണിക്കുകയും, നിങ്ങളുടെ രാജ്യത്തെ ഫൈനലിലെത്തിക്കാന്‍ നന്നായി പൊരുതുകയും ചെയ്തു.
വംശീയതയെ നമുക്ക് സഹിക്കാനോ, അതിനെതിരെ നലകൊള്ളാതിരിക്കാനോ കഴിയില്ല. വംശീയതക്കെതിരെ നമ്മള്‍ പൊരുതിയേ മതിയാകൂ.
ആണ്‍കുട്ടികളേ, നിങ്ങള്‍ തല ഉയര്‍ത്തിപ്പിടിച്ച് ആത്മവിശ്വാസത്തത്തോടെ അഭിമാനിക്കുക. ഈ മനോഹരമായ കളിയുടെ ഭാഗമാണ് നിങ്ങള്‍. അത് ഒരിക്കലും മറക്കരുത്. അഭിമാനിക്കുക, ഫുട്‌ബോള്‍ ലോകം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുണ്ട്,’ പോഗ്ബ എഴുതി.