പാരിസ്: ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവിനെ വെടിവെച്ച് കൊന്ന കേസില്‍ ഫ്രഞ്ച് പൗരയെ വെറുതെ വിട്ട് കോടതി. ഒരുവര്‍ഷത്തെ വിചാരണത്തടവിന് ശേഷം യുവതിയുള്‍പ്പെട്ട കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്.
വലേറി ബാക്കോട്ട് എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്. നാല് മക്കളുള്ള ഇവര്‍ ഭര്‍ത്താവ് ഡാനിയേല്‍ പോളറ്റിനെ 2016ലാണ് വെടിവെച്ച് കൊന്നത്.
പോളറ്റിന്റെ ക്രൂരപീഡനം സഹിക്കാന്‍ വയ്യാതെയാണ് ഇത് ചെയ്തതെന്ന് ബാക്കോട്ട് അന്ന് തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇവരെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.
തൊട്ടുപിന്നാലെ ബാക്കോട്ടിന്റെ മോചനത്തിനായി രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഗാര്‍ഹിക പീഡനത്തിനിരയാണ് ബാക്കോട്ട് എന്ന് പറഞ്ഞ് നിരവധി പേര്‍ പ്രക്ഷോഭവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവം. പോളറ്റ് ബാക്കോട്ടിന്റെ രണ്ടാനച്ഛന്‍ ആയിരുന്നു. 12 വയസ്സുമുതല്‍ ഇയാള്‍ ബാക്കോട്ടിനെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. തുടര്‍ന്ന് ബാക്കോട്ട് തന്നെ ഇക്കാര്യം തന്റെ അമ്മയോട് പറയുകയും പോളറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ശിക്ഷയ്ക്ക് ശേഷം വീട്ടിലെത്തിയ ഇയാള്‍ ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്ന് ബാക്കോട്ടിന്റെ അമ്മയോട് പറഞ്ഞു. എന്നാല്‍ രഹസ്യമായി ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ബാക്കോട്ട് പറയുന്നു.
17-ാം വയസ്സില്‍ ബാക്കോട്ട് ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ബാക്കോട്ടിനെ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹശേഷം ക്രൂരപീഡനങ്ങളാണ് പോളറ്റില്‍ നിന്നുമുണ്ടായതെന്ന് ബാക്കോട്ട് പിന്നീട് പറഞ്ഞു. മദ്യപാനിയായ ഇയാള്‍ ചുറ്റിക കൊണ്ട് തന്നെ അടിച്ചിരുന്നുവെന്നും ബാക്കോട്ട് പറഞ്ഞു.
ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളൊന്നും സ്വീകരിക്കാന്‍ പോളറ്റ് തന്നെ അനുവദിക്കുമായിരുന്നില്ലെന്നും അടുത്തടുത്ത് മൂന്ന് കുട്ടികളെ തനിക്ക് പ്രസവിക്കേണ്ടി വന്നെന്നും ബാക്കോട്ട് പറയുന്നു.
കുഞ്ഞുങ്ങളായതിന് ശേഷവും ഇയാള്‍ പീഡനം തുടര്‍ന്നു. പിന്നീട് തന്നെ വേശ്യവൃത്തിയ്ക്കായി ഇയാള്‍ ഉപയോഗിച്ചെന്നും ബാക്കോട്ട് പറഞ്ഞു. യാതൊരു നിവൃത്തിയുമില്ലാതെ അയാളെ അനുസരിക്കേണ്ടി വന്നുവെന്നും ബാക്കോട്ട് പറഞ്ഞു.
എന്നാല്‍ പിന്നീട് 14 വയസ്സുള്ള തന്റെ മകള്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം തുടങ്ങിയതോടെയാണ് തന്റെ നിയന്ത്രണം വിട്ടതെന്നും ബാക്കോട്ട് പറയുന്നു. തന്റെ ഗതി മകള്‍ക്കും വരാതിരിക്കാനാണ് ഇയാളെ വെടിവെച്ച് കൊന്നതെന്നും ബാക്കോട്ട് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: French woman convicted of killing abusive husband, set free