| Thursday, 20th September 2018, 10:01 pm

ഫ്രഞ്ച് വിപ്ലവം ഒക്ടോബര്‍ 26ന്; വ്യത്യസ്ത പ്രമോഷനുമായി അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സണ്ണി വെയ്ന്‍ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഒക്ടോബര്‍ 26ന് പ്രദര്‍ശനത്തിനെത്തും. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചിത്രത്തിലെ നായകന്‍ സണ്ണിവെയിനാണ് തിയ്യതി പുറത്തുവിട്ടത്. പ്രത്യേകം വീഡിയോ തയ്യാറാക്കിയാണ് ഫ്രഞ്ച് വിപ്ലവം ടീം തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം ഏറെ ആവേശത്തിലൂടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ പരീക്ഷണവുമായി എത്തുന്ന ഈ ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയ്ന്‍ ഫ്രഞ്ചു വിപ്ലവത്തില്‍ അഭിനയിക്കുന്നത്.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹണം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് പോപ്പോയാണ് ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more