| Saturday, 11th February 2023, 2:05 pm

മൂന്ന് വര്‍ഷത്തെ തടവിന് ശേഷം ഇറാന്‍ ജയിലില്‍ നിന്ന് മോചിതയായി ഫ്രഞ്ച്-ഇറാനിയന്‍ പണ്ഡിത ഫരീബ അദേല്‍ഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിയന്‍-ഫ്രഞ്ച് പണ്ഡിതയും സയന്‍സസ് പൊ സര്‍വകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗത്തിന്റെ വകുപ്പ് അധ്യക്ഷയുമായ ഫരീബ അദേല്‍ഖ ജയില്‍ മോചിതയായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ടെഹ്‌റാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന അദേല്‍ഖയുടെ മോചന വിവരം ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയമാണ് പുറത്ത് വിട്ടത്.

അദേല്‍ഖയ്ക്ക് താത്പര്യം ഉണ്ടെങ്കില്‍ ഫ്രാന്‍സിലേക്ക് മടങ്ങി വരാമെന്നും മന്ത്രാലയം അറിയിച്ചു.

20ാം നൂറ്റാണ്ടിന് ശേഷമുള്ള ഇറാനിലെ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന അദേല്‍ഖ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവരുടെ അണ്ടര്‍ ദ വെയ്ല്‍: ഇസ്‌ലാമിക് വുമന്‍ ഓഫ് ഇറാന്‍ എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഗവേഷണാര്‍ത്ഥം 2019ല്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് അദേല്‍ഖ അറസ്റ്റ് ചെയ്യപ്പെട്ടത്.

ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികളോടൊപ്പം ക്വോം സിറ്റി സന്ദര്‍ശിക്കുന്നതിനിടയില്‍ ദേശീയ സുരക്ഷക്കെതിരെ പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് അദേല്‍ഖയെ അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് 2020ല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഇറാനില്‍ അന്ന് അറസ്റ്റിലായ ഏഴ് ഫ്രഞ്ച് പൗരരില്‍ ഒരാളാണ് അദേല്‍ഖ.

അദേല്‍ഖയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫ്രാന്‍സ് ആരോപിച്ചിരുന്നു.

മൂന്ന് വര്‍ഷമായി തടവിലാക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തക ജയില്‍ മോചിതയായ വാര്‍ത്ത വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയും അറിയിക്കുന്നുവെന്ന് സയന്‍സെസ് പൊ ട്വീറ്റ് ചെയ്തു.

അന്യായമായാണ് ഫരീഖയെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് ഇറാനില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

content highlight: French scholar Fariba Adelkha has been released from an Iranian prison after three years in prison

We use cookies to give you the best possible experience. Learn more