| Saturday, 16th December 2023, 6:44 pm

ഫലസ്തീനി കൂട്ടക്കൊല പ്രമേയമാക്കിയ ഇസ്രഈലി ചരിത്രകാരന്റെ പുസ്തകം; വില്പന വർധിച്ചതിന് പിന്നാലെ പ്രസിദ്ധീകരണം നിർത്തലാക്കി ഫ്രഞ്ച് പ്രസാധകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഇസ്രഈലി ചരിത്രകാരൻ ഇലാൻ പാപ്പേയുടെ ‘എത്നിക് ക്ലെൻസിങ് ഓഫ് ഫലസ്തീൻ’ (Ethnic Cleansing of Palestine) എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിർത്തലാക്കി ഫ്രഞ്ച് പ്രസാധകർ ഫയാർഡ്. ആക്ച്വാലിറ്റ് എന്ന പോർട്ടലാണ് വാർത്ത പുറത്തുവിട്ടത്.

ലണ്ടനിലെ വൺ വേൾഡ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച യഥാർത്ഥ ഇംഗ്ലീഷ് പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പാണ് ഫയാർഡ് പ്രസിദ്ധീകരിച്ചിരുന്നത്.

ഫലസ്തീനികളുടെ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള ആസൂത്രിതവും വ്യവസ്ഥാപിതവുമായ നടപടിയായിരുന്നു ഇസ്രഈൽ രാഷ്ട്രം രൂപീകരിക്കുന്ന വേളയിൽ ഫലസ്തീനികളെ കൂട്ടത്തോടെ പുറത്താക്കിയതെന്ന് ഇലാൻ പുസ്തകത്തിൽ പറയുന്നു.

പുസ്തകശാലകളിൽ ‘എത്നിക് ക്ലെൻസിങ് ഓഫ് ഫലസ്തീന്റെ’ കോപ്പികൾ വിറ്റഴിഞ്ഞതിനെ തുടർന്ന് പുതിയ കോപ്പികൾ ഓർഡർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് റീറ്റെയിൽ വില്പനക്കാർ പറയുന്നു.

2022 ഫെബ്രുവരി ഏഴിന് പുസ്തകത്തിന്റെ കരാർ അവസാനിച്ചുവെന്നും നവംബർ മൂന്ന് മുതൽ പ്രസിദ്ധീകരണം നിർത്തലാക്കിയെന്നും ഫയാർഡിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ മാക്സിം ലിഡോ അറിയിച്ചു.

അതേസമയം റീറ്റെയിൽ വില്പനകൾ വിലയിരുത്തുന്ന എഡിസ്റ്റാറ്റിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം വിറ്റഴിച്ച പുസ്തകത്തിന്റെ 307 കോപ്പികളിൽ 158 എണ്ണം ഒക്ടോബർ ഒമ്പതിനും 15നുമിടയിലും നവംബർ ആറിനും 12നുമിടയിലുമാണെന്ന് ആക്ച്വാലിറ്റ് പറയുന്നു.

ഇസ്രഈലി സർക്കാരിനെതിരെയുള്ള ഏത് തരത്തിലുള്ള വിമർശനത്തെയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് ഫ്രാൻസിൽ ഇപ്പോൾ നടക്കുന്ന വേട്ടയാടലിന്റെ ഭാഗമായാണ് ഇലാൻ പാപ്പേയുടെ പുസ്തകം നിർത്തലാക്കുന്നതെന്ന് റവലൂഷൻ പെർമനെന്റെ എന്ന സംഘടന ആരോപിച്ചു.

Content Highlight: French publisher stops printing Ilan Pappe’s ‘Ethnic Cleansing of Palestine’ despite surge in sales

We use cookies to give you the best possible experience. Learn more