പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെുടുപ്പുകള്‍ക്ക് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടിപ്പിക്കുവാന്‍ മാക്രോണ്‍ തീരുമാനിച്ചിരുന്നു. അതിനിടിയിലാണ് ബോണിന്റെ രാജി.
വളരെയേറെ പ്രതിജ്ഞബദ്ധയോടെയും കാര്യക്ഷമതയോടെയും ഭരണകാര്യങ്ങള്‍ നിര്‍വഹിച്ച വ്യക്തിയാണ് ബോണ്‍ എന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കുന്നതു വരെ ബോണ്‍ ചുമതലയില്‍ തുടരുമെന്ന് മാക്രോണ്‍ അറിയിച്ചു.
ഫ്രാന്‍സിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാണ് എലിസബത്ത് ബോണ്‍. ഭരണം തീരുവാന്‍ മൂന്ന് വര്‍ഷം ശേഷിക്കെ നിരവധി വിവാദ നയങ്ങളും നിയമ നിര്‍മ്മാണത്തില്‍ ചില പരാജയങ്ങളും ബോണ്‍ നേരിട്ടിരുന്നു. പാരിസ് ഒളിമ്പിക്‌സിന് മുന്നോടിയായി ബോണ്‍ തന്റെ പ്രതിഛായ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ബോണിന്റെ രാജി.
ഡിസംബറില്‍ കൊണ്ടുവന്ന കുടിയേറ്റ നിയമനിര്‍മാണത്തില്‍ പാര്‍ലമെന്റില്‍ വലിയ തോല്‍വി ബോണിനും പാര്‍ട്ടിയ്ക്കും നേരിടേണ്ടി വന്നിരുന്നു. ഇത് ഭരണത്തിനേറ്റ മങ്ങലായാണ് കണകാക്കുന്നത്.
ബോണിന്റെ പിന്‍വാങ്ങള്‍ ഫ്രാന്‍സിലെ ഭരണത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിലെ പല പ്രമുഖരും ബോണിന് പിന്‍ഗാമിയായി വരാമെന്നും സൂചനകള്‍ ഉണ്ട്. 34 കാരനായ വിദ്യാഭ്യാസ മന്ത്രി വെബ്രിയാല്‍ അത്താലാണ് പ്രധാന മന്ത്രി സ്ഥാനത്തെയെതാന്‍ ഏറ്റവും സാധ്യത. അങ്ങനെയെങ്കില്‍ നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും വെബ്രിയാല്‍ അത്താല്‍. സായുധ സേനാ മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു, മുന്‍ കൃഷി മന്ത്രി ജൂലിയന്‍ ഡെനോര്‍മാന്‍ഡിയ എന്നിവരും സാധ്യതപട്ടികയില്‍ ഉള്ളതായി സൂചനയുണ്ട്.
പുതിയ പ്രധാനമന്ത്രി ആരാണെന്ന പ്രഖ്യാപനം ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെ വക്താവ് ബി.ബി.സിയോട് പറഞ്ഞു.
മാക്രോണിന്റെ പാര്‍ട്ടിക്ക് 2022-ല്‍ പാര്‍ലമെന്ററി ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രസിഡന്റിന്റെ നയങ്ങള്‍ നിയമമാക്കി മാറ്റാന്‍ പുതിയ പ്രധാനമന്ത്രിക്ക് വലിയ പോരാട്ടം നേരിടേണ്ടിവരും. 2017 ല്‍ മാക്രോണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു ബോണ്‍.
Content Highlight: French Prime Minster Elisabeth Borne resign