പാരിസ്: അധികാരമേറ്റെടുത്ത് മൂന്ന് മാസം പിന്നിടവെ ഫാന്‍സ് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്ക്ക് അധികാര നഷ്ടം. കഴിഞ്ഞ ദിവസം ഫ്രഞ്ച് പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ ബാര്‍ണിയ പരാജയപ്പെട്ടു.
വോട്ടെടുപ്പ് നടത്താതെ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബജറ്റ് പാസാക്കാന്‍ തീരുമാനിച്ച ബാര്‍ണിയയുടെ തീരുമാനത്തിനെത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
60 ബില്യണ്‍ യൂറോ (63.07 ബില്യണ്‍ ഡോളര്‍) കമ്മി വരുന്നത് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ബാര്‍ണിയ ബജറ്റ് കൊണ്ടുവന്നെങ്കിലും ഇതിന് നിയമനിര്‍മ്മാണ പിന്തുണയില്ലായിരുന്നു. എന്നാല്‍ ഇത് ഭരണഘടന അധികാരങ്ങള്‍ ഉപയോഗിച്ച് പാസാക്കാന്‍ ബാര്‍ണിയ ശ്രമിക്കുകയായിരുന്നു.
ബാര്‍ണിയ സ്ഥാനഭ്രഷ്ടനാവുന്നതോടെ മന്ത്രിസഭയും ഉടനടി പിരുച്ചുവിടും. 1962ന് ശേഷം ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഒരു സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താവുന്നത്.
ബുധനാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 288 എം.പിമാരുടെ പിന്തുണയായിരുന്നു അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 331 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.
ഇതോടെ രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന ഫ്രാന്‍സ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവില്‍ ഒരു പാര്‍ട്ടിക്കും പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും വരെ ബാര്‍ണിയ കാവല്‍ പ്രധാനമന്ത്രിയായി തുടരനാണ് സാധ്യത.
അതേസമയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍.എഫ്.പി) സ്ഥാനാര്‍ത്ഥിയെ തഴഞ്ഞ് മധ്യപക്ഷക്കാരനായ ബാര്‍ണിയറിനെ പ്രധാനമന്ത്രിയാക്കാനുള്ള മാക്രോണിന്റെ തീരുമാനത്തെ നേരത്തെ തന്നെ ഇടതുപക്ഷം വിമര്‍ശിച്ചിരുന്നു.
വോട്ടെടുപ്പിന് മുന്നോടിയായി ബാര്‍ണിയര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത് കൊണ്ട് മാത്രം രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് പറഞ്ഞിരുന്നു.
അതേസമയം ബെര്‍ണിയ സ്ഥാനഭ്രഷ്ടനായെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തല്‍സ്ഥാനത്ത് തന്നെ തുടരും. കാരണം ഫ്രാന്‍സ് പ്രസിഡന്റിന് അവരുടെ ഗവണ്‍മെന്റില്‍ നിന്ന് വേറിട്ട് വോട്ട് ചെയ്യുന്നതിനാല്‍, വോട്ടിന്റെ ഫലം അദ്ദേഹത്തെ നേരിട്ട് ബാധിക്കുന്നില്ല. എന്നിരുന്നാലും വോട്ടെടുപ്പിന്റെ ഫലം എന്തായാലും രാജിവെക്കില്ലെന്ന് മാക്രോണ്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
മിഷേല്‍ ബാര്‍ണിയ
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ബ്രെക്സിറ്റ് വക്തവായ മിഷേല്‍ ബാര്‍ണിയയെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ഇമ്മാനുവല്‍ മാക്രോണ്‍ നിയമിക്കുന്നത്. ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഇദ്ദേഹം.
യൂറോപ്യന്‍ യൂണിയനിലെ ബ്രെക്സിറ്റിന്റെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതില്‍ പ്രധാനിയായിരുന്ന ബെര്‍ണിയ വലതുപക്ഷ പാര്‍ട്ടിയായ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവാണ്.
മാരി ലി പെന്നിന്റെ നാഷണല്‍ റാലി ഉള്‍പ്പെടുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിലെ സഖ്യകക്ഷിയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഗബ്രിയേല്‍ അത്തേല്‍ സ്ഥാനം ഒഴിയുന്ന പദവിയിലേക്കായിരുന്നു ബാര്‍ണിയ ചുമതലയേറ്റത്.
അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ബാര്‍ണിയ രണ്ട് തവണ യൂറോപ്യന്‍ യൂണിയന്റെ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനകാലയളവിലാണ് അദ്ദേഹം ബ്രിട്ടന്റെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കൂടാതെ രണ്ട് തവണ ഫ്രഞ്ച് പാര്‍ലമെന്റിലെ ക്യാബിനറ്റ് മന്ത്രിപദവും ബാര്‍ണിയെ അലങ്കരിച്ചിട്ടുണ്ട്.
എന്നാല്‍ കുടിയേറ്റ വിരുദ്ധത പോലുള്ള തീവ്രവലതുപക്ഷ നിലപാട് പലപ്പോഴും സ്വീകരിച്ചിരുന്ന ബാര്‍ണിയ ഫ്രാന്‍സില്‍ കുടിയേറ്റങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പലപ്പോഴായി വാദിച്ചിരുന്നു.
എന്നാല്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്ന ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പദത്തില്‍ ഏറെ കാലം തുടരുക എന്നത് ബര്‍ണിയയെ സംബന്ധിച്ച് വളറെ ബുദ്ധിമുട്ടായിരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.
Content Highlight: French Prime minister Michel Barnier failed in no-confidence vote