മുംബൈയിലെ റോഡില്‍ മാക്രോണിന്റെ പോസ്റ്റര്‍
national news
മുംബൈയിലെ റോഡില്‍ മാക്രോണിന്റെ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 3:21 pm

മുംബൈ: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പോസ്റ്റര്‍ റോഡില്‍ പതിച്ചു. ദക്ഷിണ മുംബെയിലാണ് സംഭവം.

മുഹമ്മദലി റോഡിലാണ് മാക്രോണിന്റെ നിരവധി പോസ്റ്ററുകള്‍ പതിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.

അതേസമയം ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വക്താവ് എസ്. ചൈതന്യ പറഞ്ഞു.


പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് പുതിയ സംഭവം. നേരത്തെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും ഫ്രാന്‍സിന് വലിയ തരത്തിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഐ സ്റ്റാന്റ് വിത്ത് ഫ്രാന്‍സ് എന്ന ഹാഷ്ടാഗ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണിന്റെ ചിത്രം പങ്കു വെച്ചുകൊണ്ടാണ് ട്വീറ്റുകള്‍.

പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന് ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മാക്രോണിനെ പിന്തുണച്ചും എതിര്‍ത്തും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മാക്രോണിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരുന്നത്.

വ്യാഴാഴ്ച ഫ്രാന്‍സിലെ നൈസ് നഗരത്തിലെ ചര്‍ച്ചിനുള്ളില്‍ ആക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു.

ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്‌സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ പാരീസില്‍ ചരിത്രധ്യാപകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണവും ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

ഇപ്പോള്‍ ആക്രമണം നടന്ന നൈസ് നഗരത്തില്‍ നാലു വര്‍ഷം മുമ്പാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്. 2016 ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: French President Emmanuel Macron’s posters pasted on Mumbai