| Tuesday, 21st June 2022, 9:00 am

ഫ്രാന്‍സില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട് മക്രോണ്‍; മുഖ്യ പ്രതിപക്ഷമായി ഇടതുമുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് മക്രോണിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ പോയത്.

577 അംഗ നാഷണല്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ 289 സീറ്റ് നേടണം എന്നിരിക്കെ മക്രോണ്‍ നയിക്കുന്ന മുന്നണിക്ക് 245 സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റ് നേടിയ സ്ഥാനത്താണ് ഇത്തവണ അത് 245ലേക്ക് ചുരുങ്ങിയത്.

അതിനാല്‍ ഇനി ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളും ബില്ലുകളും പാസാകണമെങ്കില്‍ മക്രോണിന് മറ്റ് കക്ഷികളുടെ കൂടെ പിന്തുണ വേണ്ടിവരും.

അതേസമയം, ഫ്രാന്‍സില്‍ ഇടതു മുന്നണി വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഴാന്‍ ലൂക് മെലന്‍ഷോയുടെ നേതൃത്വത്തിലുള്ള നാല് ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ന്യൂപ്‌സ്’ 131 സീറ്റുകള്‍ നേടി. ഇതോടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായും ഇടതുമുന്നണി ഉയര്‍ന്നു.

ഫ്രാന്‍സ് അണ്‍ബൗണ്ട്, ഗ്രീന്‍സ്, സോഷ്യലിസ്റ്റ്‌സ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് ന്യൂപ്‌സ് സഖ്യമുണ്ടാക്കിയത്.

ആദ്യമായാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഫ്രാന്‍സില്‍ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടതും വലിയ നേട്ടമുണ്ടാക്കിയതും.

അതേസമയം, ജൂലൈ അഞ്ച് ഇമ്മാനുവല്‍ മക്രോണ്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് മെലന്‍ഷോ പ്രഖ്യാപിച്ചിട്ടുണ്ട്.

2022 ഏപ്രിലിലായിരുന്നു ഫ്രാന്‍സില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥി മരിന്‍ ലെ പെന്നിനെ പരാജയപ്പെടുത്തി മക്രോണ്‍ പ്രസിഡന്റ് സ്ഥാനത്ത് തന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വട്ടവും പ്രസിഡന്റായി രണ്ട് മാസം തികയുമ്പോഴാണ് മക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായിരിക്കുന്നത്. ഫ്രാന്‍സിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാനാകാതെ പോകുന്നത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 46.23 ശതമാനം മാത്രമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.

Content Highlight: French President Emmanuel Macron Loses Parliament Majority, Left Front marked their growth

We use cookies to give you the best possible experience. Learn more