| Monday, 6th May 2024, 6:30 pm

റഫയിലെ ഒരു ലക്ഷം ആളുകളെ ഒഴിപ്പിക്കാന്‍ ഇസ്രഈല്‍; സൈനിക നടപടിയില്‍ എതിര്‍പ്പുമായി ഇമ്മാനുവല്‍ മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഫലസ്തീന്‍ അതിര്‍ത്തി നഗരമായ റഫയിലെ ഇസ്രഈല്‍ സൈനിക നടപടികളില്‍ അതൃപ്തി അറിയിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്രഈല്‍ നടത്തുന്ന ഓപ്പറേഷനില്‍ പ്രസിഡന്റ് പൂര്‍ണ എതിര്‍പ്പ് പ്രകടിപ്പിച്ചതായി ഫ്രഞ്ച് എംബസി അറിയിച്ചു. റഫയിലെ ആക്രമണം ഫലസ്തീനില്‍ ഇതുവരെ ഉണ്ടാക്കിയതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തം സൃഷ്ടിക്കുമെന്നും എംബസി ചൂണ്ടിക്കാട്ടി.

നഗരത്തിലെ കര ആക്രമണത്തിന് മുന്നോടിയായി റഫയില്‍ നിന്ന് ഫലസ്തീനികളോട് കുടിയിറങ്ങാന്‍ ഇസ്രഈലി സൈന്യം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫയിലെ ഒരുലക്ഷം ഫലസ്തീനികളോടാണ് ഇസ്രഈല്‍ കുടിയിറങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അറിയിപ്പുകള്‍, മെസേജുകള്‍, കോളുകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് നിര്‍ദേശം നല്‍കുന്നതെന്ന് സൈന്യം അറിയിച്ചു. ഒരുലക്ഷം ഫലസ്തീനികളെ നഗരത്തില്‍ നിന്ന് മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഐ.ഡി.എഫ് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം ഫലസ്തീനികളോട് അല്‍ മാവാസി ക്യാമ്പിലേക്ക് മാറണമെന്ന ഐ.ഡി.എഫിന്റെ ശബ്ദ സന്ദേശവും നിലവില്‍ ചര്‍ച്ചയാവുന്നുണ്ട്.

റഫയിലെ 11 വീടുകള്‍ക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 22 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനികളെ മാറ്റിപാര്‍പ്പിക്കാനുള്ള ഇസ്രഈലിന്റെ നിര്‍ദേശം അപകടകരമായ ഒരു വിഷയമാണെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സാമി അബു സുഹ്രി റോയിട്ടേഴ്സിനോട് പറഞ്ഞു. റഫയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന സൈനിക ആക്രമണം ഒരു പിക്‌നിക് ആയിരിക്കില്ല. എന്നാല്‍ ഐ.ഡി.എഫ് ആക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാന്നെന്നും ഹമാസ് വ്യക്തമാക്കി.

അതേസമയം റഫയെ ലക്ഷ്യം വെക്കുന്ന ആക്രമണം 1.4 ദശലക്ഷം ആളുകള്‍ക്ക് വിനാശകരമാകുമെന്ന് യു.എന്നിന്റെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലിയു.എയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: French President Emmanuel Macron expressed his displeasure with Israel’s military operations in Rafah

We use cookies to give you the best possible experience. Learn more