ഫ്രഞ്ച് പ്രസിഡന്റ്‌ ഫൈനലിന് ഖത്തറിലെത്തുക പരിക്കേറ്റ സൂപ്പർ താരങ്ങൾക്കൊപ്പം; റിപ്പോർട്ട്‌
2022 FIFA World Cup
ഫ്രഞ്ച് പ്രസിഡന്റ്‌ ഫൈനലിന് ഖത്തറിലെത്തുക പരിക്കേറ്റ സൂപ്പർ താരങ്ങൾക്കൊപ്പം; റിപ്പോർട്ട്‌
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th December 2022, 4:57 pm

ലോകകപ്പ് ഫുട്ബോൾ കലാശപോരാട്ടത്തിലേക്ക് എത്തുമ്പോൾ നിലവിലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ഫൈനലിൽ ലാറ്റിനമേരിക്കൻ കിരീട ജേതാക്കളായ അർജന്റീനയെയാണ് നേരിടുന്നത്.

ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പോരാട്ടത്തിൽ മൈതാനത്ത് നിന്ന് ജയിച്ചു മടങ്ങുന്ന ടീമിന് ലോകകപ്പ് കിരീടവുമായി സ്വന്തം നാട്ടിലേക്ക് മടങ്ങാം.


എന്നാൽ പരിക്കിന്റെ പിടിയിലായിരുന്ന ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ ലോകകപ്പ് ഫൈനൽ കളിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് “എനിക്ക് ഇതിന് ഉത്തരം നൽകാൻ താല്പര്യമില്ല,’ എന്ന മറുപടി മാത്രമായിരുന്നു ഫ്രഞ്ച് മാനേജർ ദിദിയർ ദെഷാംപ്സ് നൽകിയത്.


എന്നാലിപ്പോൾ ലോകകപ്പ് ഫൈനൽ കാണാൻ ഖത്തറിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിന് ബെൻസെമയെ കൂടി ലോകകപ്പിന് തന്റെ കൂടെ ഖത്തറിലേക്കെത്തിക്കാൻ താല്പര്യമുള്ളതായി ഫ്രഞ്ച് സ്പോർട്സ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.


ബെൻസെമയെ കൂടാതെ ലോകകപ്പ് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ എല്ലാ താരങ്ങളെയും ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹത്തിന് താൽപര്യം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പോൾ പോഗ്ബ, കാന്റെ അടക്കമുള്ള പരിക്കിന്റെ പിടിയിലായ സൂപ്പർ താരങ്ങളെയെല്ലാം അദേഹത്തിന് ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്കായി ഖത്തറിലെത്തിക്കാൻ പദ്ധതിയുണ്ട്.


വലിയ ഫുട്ബോൾ ആരാധകൻ കൂടിയായ മാക്രോൺ ഫ്രാൻസിന്റെ മൊറോക്കൊക്കെതിരെയുള്ള സെമി ഫൈനൽ മത്സരം കാണാനും ഖത്തറിലെത്തിയിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് മാഴ്സലെയെയാണ് മാക്രോൺ പിന്തുടരുന്നത്.


പ്രസിഡന്റിന്റെ കൂടെ താരങ്ങളും ഖത്തറിലേക്ക് പോകുന്നതിനെ പറ്റി ഫ്രഞ്ച് കായികമന്ത്രി അമേലിയ ഔടെ കാസ്ട്രെയും പ്രതികരിച്ചിട്ടുണ്ട്.
“അദേഹത്തിന് അത്തരമൊരു പദ്ധതിയുണ്ട്. ഞങ്ങൾ അതേക്കുറിച്ച് പഠിക്കുകയാണ്. അത് സാധ്യമാകുമോ എന്ന് നമുക്ക് നോക്കാം,’ അദേഹം പ്രതികരിച്ചു.

എന്നാൽ ബെൻസെമക്ക് തുടക്കേറ്റ പരിക്ക് ഭേദമായെന്നും, അദ്ദേഹം ലെഗൻസിനെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു എന്നും മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു.
ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്ബോൾ സീസൺ സജീവമാകുമ്പോൾ ബെൻസെമയെ പഴയ വീറോടെ കളിക്കളത്തിൽ കാണാൻ സാധിക്കും എന്നാണ് ആരാധക പ്രതീക്ഷ.

Content Highlights:French president arrives in Qatar for worldcup final with injured french players