'ഒക്ടോബർ ഏഴിന് ഇസ്രഈലിലുണ്ടായത് ഹമാസിന്റെ സായുധാക്രമണം'; ഇടതുപക്ഷ നേതാവിനെ വിളിച്ചുവരുത്തി ഫ്രാൻസ് പൊലീസ്
World News
'ഒക്ടോബർ ഏഴിന് ഇസ്രഈലിലുണ്ടായത് ഹമാസിന്റെ സായുധാക്രമണം'; ഇടതുപക്ഷ നേതാവിനെ വിളിച്ചുവരുത്തി ഫ്രാൻസ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 9:13 pm

പാരീസ്: ഫലസ്തീൻ അനുകൂല പരാമർശം നടത്തിയതിൽ ഇടതുപക്ഷ നേതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് ഫ്രാൻസ് പൊലീസ്.

പാർലമെന്ററി വിഭാഗത്തിന്റെ തലവനും ഫ്രാൻസ് അൺബോഡ് (എൽ.എഫ്.ഐ) പാർട്ടി അംഗവും മുൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ജീൻ ലൂക്ക് മെലെൻചോണിൻ്റെ അനുയായിയുമായ മത്തിൽഡെ പനോട്ടിനെയാണ് പൊലീസ് വിളിച്ചുവരുത്തിയത്.

ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണം ഫലസ്തീൻ സൈന്യത്തിന്റെ സായുധ പ്രതിരോധമാണെന്നായിരുന്നു പനോട്ടിന്റെ പരാമർശം. എന്നാൽ ഫ്രാൻസ് പൊലീസിന്റെ നീക്കത്തിനെതിനെതിരെ മെലെൻചോണും പാനോട്ടും രംഗത്തെത്തി.

രാഷ്ട്രീയ ആവിഷ്‌കാരത്തെ അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ചൂഷണത്തിൽ താൻ ശ്രദ്ധാലുവാണെന്ന് പാനോട്ട് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഇരുവരും പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യത്തിൻ്റെ ചരിത്രത്തിലെ അത്ഭുതകരമായ സംഭവമാണിതെന്ന് മെലെൻചോൺ ചൂണ്ടിക്കാട്ടി.

സർക്കാർ വംശഹത്യയെയും വംശഹത്യ നടത്തുന്നവരെയും സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്നും മെലെൻചോൺ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സാഹചര്യത്തെ കുറിച്ചുള്ള മെലെൻചോണിൻ്റെ രണ്ട് കോൺഫറൻസുകൾ ഫ്രാൻസ് നഗരമായ ലില്ലെയിൽ വെച്ച് റദ്ദാക്കപ്പെട്ടിരുന്നു. ലില്ലെയിലെ ഒരു സർവകലാശാലയിൽ വെച്ച് നടക്കേണ്ടിയിരുന്ന കോൺഫറൻസാണ് റദ്ദാക്കപ്പെട്ടത്.

ഇസ്രഈൽ-ഹമാസ് സംഘർഷത്തിൽ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ച ഫ്രാൻസിലെ ഏക പാർട്ടിയാണ് എൽ.എഫ്.ഐ.

Content Highlight: French police summoned and interrogated a left-wing leader for making pro-Palestinian remarks