| Saturday, 24th December 2022, 1:50 pm

മെസിയേക്കാള്‍ മുമ്പ് ഏഴ് ബാലണ്‍ ഡി ഓര്‍ നേടേണ്ടിയിരുന്നത് മറ്റൊരാള്‍: ഫ്രാന്‍സ് ഫുട്‌ബോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളറായ ലയണല്‍ മെസിയുടെ പേരിലാണ് ഏറ്റവുമധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയതിന്റെ റെക്കോഡുള്ളത്. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിയോട് കിടപിടിക്കാന്‍ അഞ്ച് തവണ പുരസ്‌കാരം നേടിയ പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണുള്ളത്.

എന്നാല്‍ ലയണല്‍ മെസിക്ക് മാത്രമല്ല ഫുട്‌ബോള്‍ ലെജന്‍ഡായ പെലെക്കും ഏഴ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമുണ്ടെന്നാണ് ഫ്രഞ്ച് ഔട്ട്‌ലെറ്റായ ഫ്രാന്‍സ് ഫുട്‌ബോളിന്റെ അഭിപ്രായം.

താന്‍ ഫുട്‌ബോള്‍ കളിക്കുന്ന സമയത്ത് ഒരിക്കല്‍ പോലും പെലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് യോഗ്യത നേടിയിരുന്നില്ല. പെലേക്കോ മറഡോണക്കോ ബാലണ്‍ ഡി ഓറിന്റെ അന്തിമ പട്ടികയില്‍ ഇടം നേടാന്‍ പോലും സാധിച്ചിരുന്നില്ല എന്നതാണ് ഇതിലെ പ്രധാന വസ്തുത.

1956 മുതല്‍, പെലെയുടെ പ്രതാപ കാലത്ത് തന്നെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്നുണ്ടായിരുന്നെങ്കിലും താരത്തിന് ഒരിക്കല്‍ പോലും പുരസ്‌കാരം ലഭിച്ചിരുന്നില്ല. 40 വര്‍ഷക്കാലത്തേക്ക് ബാലണ്‍ ഡി ഓര്‍ യൂറോപ്യന്‍ താരങ്ങളുടെ കുത്തകയായിരുന്നു. കാരണം ഇതിന് പരിഗണിച്ചത് യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മികച്ച താരങ്ങളെ മാത്രമായിരുന്നു എന്നത് തന്നെ.

യൂറോപ്പുകാരന്‍ അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പുരസ്‌കാരത്തിന് യോഗ്യതയുണ്ടായിരുന്നില്ല. ക്ലബ്ബ് തലത്തില്‍ ഒരിക്കല്‍ പോലും യൂറോപ്യന്‍ ടീമുകള്‍ക്കായി താരം ബൂട്ട് കെട്ടിയിരുന്നില്ല. സാന്റോസിനും ന്യൂയോര്‍ക്ക് കോസ്‌മോസിനും വേണ്ടിയാണ് പെലെ കളത്തിലിറങ്ങിയത്.

എന്നാല്‍ 1995ല്‍ ഈ ചട്ടത്തിന് ഭേദഗതി വരുത്തുകയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം യൂറോപ്പിലെയല്ല ലോകത്തിലെ തന്നെ മികച്ച ഫുട്‌ബോളര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

1995ലാണ് ആദ്യമായി ഒരു നോണ്‍ യൂറോപ്യന്‍ താരത്തിന് ബാലണ്‍ ഡി ഓര്‍ ലഭിക്കുന്നത്. ലൈബീരിയന്‍ സൂപ്പര്‍ താരം ജോര്‍ജ് വിയയാണ് യൂറോപ്പുകാരനല്ലാത്ത ആദ് ബാലണ്‍ ഡി ഓര്‍ ജേതാവ്. 2009ലാണ് മെസി തന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്നത്.

2014ലാണ് ഫിഫ പെലെക്ക് ഓണററി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയത്.

എന്നാല്‍ യൂറോപ്യന്‍ താരങ്ങള്‍ക്ക് മാത്രമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒതുക്കിയില്ലായിരുന്നെങ്കില്‍ പെലെ ഏഴ് തവണ അത് നേടുമെന്നാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ പറയുന്നത്.

1958, 1959, 1960, 1961, 1963, 1964, 1970 വര്‍ഷങ്ങളില്‍ പെലെ ബാലണ്‍ ഡി ഓര്‍ നേടുമെന്നായിരുന്നു ഫ്രാന്‍സ് ഫുട്‌ബോളിന്റെ റീ ഇവാല്വേഷന്‍ വ്യക്തമാക്കുന്നത്.

1978, 1986, 1990 വര്‍ഷങ്ങളില്‍ മറഡോണക്കും 1994ല്‍ റൊമാരിയോക്കും പുരസ്‌കാരം ലഭിക്കുമെന്നും ഫ്രാന്‍സ് ഫുട്‌ബോള്‍ പറയുന്നു.

Content highlight: French outlet France Football says Pele actually has same number of Ballon d’Ors as Lionel Messi

We use cookies to give you the best possible experience. Learn more