| Sunday, 2nd June 2019, 10:54 pm

ഫെഡറര്‍ക്കു പിന്നാലെ നദാലും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍; കടന്നത് ഗ്രാന്‍ഡ്സ്ലാമിന്റെ 38-ാം ക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: സ്വിസ് ഇതിഹാസം റോജര്‍ ഫെഡററിനു പിന്നാലെ സ്പാനിഷ് താരം റാഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അര്‍ജന്റൈന്‍ താരം ഇഗ്നേഷ്യോ ലൊണ്ടേറോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് നദാലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 6-2, 6-3, 6-3.

രണ്ടു മണിക്കൂര്‍ 13 മിനിറ്റ് മത്സരം നീണ്ടുനിന്നെങ്കിലും ആധികാരികമായിരുന്നു നദാലിന്റെ വിജയം. മത്സരത്തിന്റെ ഒരുഘട്ടത്തില്‍പ്പോലും ലൊണ്ടേറോയ്ക്കു ഭീഷണിയുയര്‍ത്താന്‍ സാധിച്ചില്ല. രണ്ടാം സെറ്റില്‍ മാത്രമാണ് അദ്ദേഹത്തിനു പ്രതിഭയുടെ മിനന്‌ലാട്ടം നടത്താന്‍ ചെറിയ തോതിലെങ്കിലും സാധിച്ചത്. ഇതോടെ ഗ്രാന്‍ഡ്സ്ലാമിന്റെ 38-ാം ക്വാര്‍ട്ടര്‍ ഫൈനലാണ് നദാലിന്റേത്. ക്വാര്‍ട്ടറില്‍ കെയ് നിഷികോരിയെയോ ബെനോയിറ്റ് പൈറെയെയോ നദാല്‍ നേരിടും.

നേരത്തേ മറ്റൊരു അര്‍ജന്റൈന്‍ താരമായ ലിയാണാര്‍ഡോ മേയറെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തായിരുന്നു ഇന്ന് ഫെഡറര്‍ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. സ്‌കോര്‍: 6-2, 6-3, 6-3. ആദ്യ സെറ്റ് മുതല്‍ ഫെഡററുടെ അപ്രമാദിത്വമായിരുന്നു കളിയില്‍ കണ്ടത്. മൂന്നാം സെറ്റില്‍ മാത്രമായിരുന്നു മേയര്‍ അന്താരാഷ്ട്ര താരത്തിനൊത്ത നിലവാരം കാഴ്ചവെച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുവന്ന ഫെഡററെ പിടിച്ചുകെട്ടാന്‍ അതൊന്നും മതിയായിരുന്നില്ല.

ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന പ്രായംകൂടിയ മൂന്നാമത്തെ കളിക്കാരനാണ് ഫെഡറര്‍. കളിമണ്‍ കോര്‍ട്ടിലെ തന്റെ ദുഷ്പ്പേര് മാറ്റാനും കൂടിയാണ് ഇത്തവണ ഫെഡറര്‍ക്കു കളമൊരുങ്ങിയിരിക്കുന്നത്. സ്റ്റാന്‍ വാവ്റിങ്ക, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരാരെങ്കിലുമാകും ഫെഡററുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ എതിരാളി.

അതേസമയം ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ വനിതകളില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോന്റ വിജയിച്ചു. ക്രൊയേഷ്യന്‍ താരം ഡോന്ന വെകിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോന്റ തോല്‍പ്പിച്ചാണ് കോന്റ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യമായാണ് കോന്റ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. സ്‌കോര്‍: 2-6, 4-6.

ക്രൊയേഷ്യന്‍ താരം പെട്ര മാര്‍ട്ടിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എസ്തോണിയയുടെ കനേപ്പിയെയാണ് മാര്‍ട്ടിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 2-6, 4-6.

We use cookies to give you the best possible experience. Learn more