പാരീസ് പ്രക്ഷോഭം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് ഫുട്ബോള്‍ ടീം
World News
പാരീസ് പ്രക്ഷോഭം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് ഫുട്ബോള്‍ ടീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st July 2023, 7:46 pm

പാരീസ്: 17കാരനായ ആഫ്രിക്കന്‍ കൗമാരക്കാരന്‍ വെടിയേറ്റു മരിച്ചതിന് പിന്നാലെ ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിനത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സമാധാന ശ്രമങ്ങള്‍ക്കായി പരസ്യമായി അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീം. പ്രതിഷേധക്കാര്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കണമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി സമാധാന സന്ദേശങ്ങള്‍ പങ്കുവെച്ചത്. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും നാട്ടുകാര്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്നും പാരീസ് സ്വദേശി കൂടിയായ എംബാപ്പെ അഭ്യര്‍ത്ഥിച്ചു.

 

‘ദുരന്തപൂര്‍ണമായ ഒരു സംഭവത്തിന് ശേഷം മനുഷ്യരുടെ രോഷത്തിനും പ്രതിഷേധത്തിനും നമ്മള്‍ സാക്ഷ്യം വഹിച്ചു. പക്ഷേ അത് പ്രകടിപ്പിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലാണ്’, എംബാപ്പെ ട്വീറ്റ് ചെയ്തു.

പ്രതിഷേധക്കാരുടെ വേദനയും വിഷമവും ഞങ്ങള്‍ മനസിലാക്കുന്നുവെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ടീമും ഔദ്യോഗിക പ്രസ്താവനയിറക്കി. ‘നിലവിലെ സാഹചര്യത്തില്‍ നമുക്ക് നിശബ്ദരായി ഇരിക്കാന്‍ സാധിക്കില്ല. പക്ഷേ, നിങ്ങളുടെ തന്നെ സ്ഥലവും സ്വത്തുമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്.

നമ്മുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ സമാധാനപരമായ മറ്റ് മാര്‍ഗങ്ങളുണ്ട്. അതിലേക്കാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’, ഫ്രാന്‍സ് ദേശീയ ഫുട്ബോള്‍ ടീം വ്യക്തമാക്കി.

ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിലാണ് ആഫ്രിക്കന്‍ വംശജനായ പതിനേഴുകാരനെ പൊലീസ് വെടിവെച്ച് കൊന്നത്. നഹേലിന്റെ കൊലപാതകത്തിന് പിന്നാലെ തുടര്‍ച്ചയായ നാലാം ദിവസവും ഫ്രാന്‍സില്‍ ശക്തമായ രീതിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

അതേസമയം, പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറുകയാണെന്ന് ഫ്രഞ്ച് പൊലീസ് ആരോപിച്ചു. ഫ്രഞ്ച് ഗയാനയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചെന്നും പൊലീസ് ആരോപിച്ചു. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീയിടുകയും കലാപത്തില്‍ പങ്കുചേരുകയും ചെയ്ത 1,311 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു.

45,000ത്തോളം വരുന്ന ഫ്രഞ്ച് സൈന്യം രാജ്യത്ത് പലയിടത്തായി നിരത്തുകളില്‍ പട്രോളിങ് നടത്തുന്നുണ്ട്. മാഴ്‌സെയിലും ലിയോണിലുമാണ് ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കൗമാരക്കാരനെതിരെ വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്കെതിരെ വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതിനാണ് നഹേലിനെ വെടിവെച്ചതെന്ന പൊലീസ് വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

Content Highlights: french national football team and mbappe urges for peace in french riots