| Thursday, 29th October 2020, 9:53 am

'യുദ്ധം തുടങ്ങിയിരിക്കുന്നു, നിങ്ങളെ രാജ്യത്തു നിന്നും പുറത്താക്കിയിരിക്കും'; ഫ്രാന്‍സിലെ  മുസ്‌ലിം പള്ളിയിലേക്ക് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാകന്‍ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ മുസ്‌ലിം വിഭാഗത്തിനു നേരെ ഭീഷണികള്‍. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ വെര്‍ണന്‍ ജില്ലയിലെ പള്ളിയിലെ മെയില്‍ ബോക്‌സിലേക്ക് വന്ന ഒരു നോട്ടീസിലാണ് ഭീഷണിയുള്ളത്. മുസ്‌ലിങ്ങളെ രാജ്യത്തു നിന്നും പുറത്താക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

‘ യുദ്ധം തുടങ്ങിയിരിക്കുന്നു, ഞങ്ങളുടെ രാജ്യത്ത് നിന്നും നിങ്ങളെ പുറത്താക്കിയിരിക്കും. സാമുവേല്‍ പാറ്റിയുടെ മരണത്തിന് നിങ്ങള്‍ കണക്കു പറയേണ്ടി വരും,’ നോട്ടീസില്‍ പറയുന്നു.

ഇതിനിടെ രാജ്യത്ത് സര്‍ക്കാര്‍ തലത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് കൂച്ചുവിലങ്ങിടുന്നുണ്ട്. ഫ്രാന്‍സിലെ പ്രമുഖ മുസ്‌ലിം ചാരിറ്റി ഓര്‍ഗനൈസേഷനായ ബരാകസിറ്റി സര്‍ക്കാര്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം അടച്ചു പൂട്ടി. തീവ്രസംഘനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍. ഫ്രാന്‍സ് ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആരോപണങ്ങളെ ഈ സംഘടന നിഷേധിച്ചു.

സാമുവേല്‍ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഒപ്പം തന്നെ ഫ്രാന്‍സിനെതിരെ മുസ്‌ലിം രാജ്യങ്ങളില്‍ പ്രതിഷേധവും നടക്കുന്നുണ്ട്.

ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  French mosque receives threatening notice

We use cookies to give you the best possible experience. Learn more