പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ നിലവിലെ ഫോര്‍മേഷനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിക്കാനാകില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ മാനേജര്‍ റോളണ്ട് കൂര്‍ബിസ്.
അടുത്തയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് കൂര്‍ബിസ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ആര്‍.എം.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടൊളൂസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി കളത്തിലിറങ്ങിയ ഡയമണ്ട് ഫോര്‍മേഷനാണ് ബയേണിനെതിരെയും തുടരുന്നതെങ്കില്‍ തോല്‍വി വഴങ്ങേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഗാള്‍ട്ടിയര്‍ മുന്‍ മത്സരങ്ങളില്‍ ചെയ്തത് പോലെ 3-4-3 എന്ന ഫോര്‍മേഷനാണ് ബയേണിനെതിരെയും പ്രയോഗിക്കേണ്ടത്,’ കൂര്‍ബിസ് പറഞ്ഞു.
ഫ്രഞ്ച് കപ്പില്‍ മാഴ്സെക്കെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്സെ കീഴപ്പെടുത്തിയതോടെ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണയും കിരീടം നേടാനാകാതെയായിരുന്നു പി.എസ്.ജിയുടെ മടക്കം.
ഫെബ്രുവരി 14ന് ചാമ്പ്യന്‍സ് ലീഗിന് തുടക്കം കുറിക്കുമ്പോള്‍ ബയേണിനെതിരെ ആദ്യ മത്സരത്തിന് എംബാപ്പെ ഉണ്ടാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പരിക്ക് കാരണം വിശ്രമത്തില്‍ കഴിയുന്നതിനാല്‍ താരത്തിന് മത്സരിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ മെസിയും പരിക്കിന്റെ പിടിയിലാണെന്നും അദ്ദേഹത്തിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരവും ആശങ്കയിലാണെന്നും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ടീമിലെ പ്രധാന താരങ്ങള്‍ കളിക്കാനില്ലാതാകുമ്പോഴുള്ള പ്രതിസന്ധിയും കൂര്‍ബിസ് സൂചിപ്പിച്ചു.
മത്സരത്തില്‍ ആദ്യ ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നതിനുള്ള അന്തിമ പട്ടിക കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ പുറത്തുവിട്ടിട്ടില്ല. മെസി-നെയ്മര്‍-എംബാപ്പെ ത്രയം ചേര്‍ന്ന് പി.എസ്.ജിക്കായി ആദ്യ ചാമ്പ്യന്‍സ് ലീഗ് പട്ടം നേടിക്കൊടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.