World News
സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്ക ഫ്രാൻസിന് തിരികെ നൽകണം: യൂറോപ്യൻ പാർലമെന്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 17, 04:47 am
Monday, 17th March 2025, 10:17 am

പാരീസ്: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫ്രഞ്ച് ജനത സമ്മാനമായി നൽകിയ സ്റ്റാച്യു ഓഫ് ലിബർട്ടി തിരികെ നൽകണമെന്ന് യൂറോപ്യൻ പാർലമെന്റിലെ ഫ്രഞ്ച് അംഗം റാഫേൽ ഗ്ലക്സ്മാൻ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള സമീപകാല നയങ്ങൾ സ്വേച്ഛാധിപത്യപരമാണെന്നും അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു റാഫേൽ ഗ്ലക്സ്മാൻ അമേരിക്കയോട് സ്റ്റാച്യു ഓഫ് ലിബർട്ടി തിരികെ ആവശ്യപ്പെട്ടത്.

‘സ്വേച്ഛാധിപതികളുടെ പക്ഷം ചേരാൻ തീരുമാനിച്ച അമേരിക്കക്കാരോട്, ശാസ്ത്രീയ സ്വാതന്ത്ര്യം ആവശ്യപ്പെട്ടതിന് ഗവേഷകരെ പുറത്താക്കിയ അമേരിക്കക്കാരോട് ഞങ്ങൾ ആവശ്യപ്പെടുന്നു, സ്റ്റാച്യു ഓഫ് ലിബർട്ടി ഞങ്ങൾക്ക് തിരികെ തരൂ. ഞങ്ങൾ അത് സമ്മാനമായി തന്നു എന്നാൽ നിങ്ങളുടെ ഇപ്പോഴത്തെ നിലപാടുകൾക്ക് സ്വാതന്ത്ര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായ സ്റ്റാച്യു ഓഫ് ലിബർട്ടി ആവശ്യമില്ല,’ റാഫേൽ ഗ്ലക്സ്മാൻ പറഞ്ഞു.

ഉക്രൈനിനെ പിന്തുണക്കുന്ന ഗ്ലക്‌സ്മാൻ, ഞായറാഴ്ച നടന്ന തന്റെ പ്ലേസ് പബ്ലിക് പാർട്ടിയുടെ ഒരു കൺവെൻഷനിൽ, ഉക്രൈനോടുള്ള ട്രംപിന്റെ നയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കക്കാർ സ്വേച്ഛാധിപതികളോടൊപ്പം നിൽക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായുള്ള ട്രംപിന്റെ കൂട്ട പിരിച്ചുവിടലിനെയും ഗ്ലക്‌സ്മാൻ വിമർശിച്ചു.

ഈ മാസം ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രൈനിയൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്‌കിയും  നടത്തിയ  കൂടിക്കാഴ്ച പരാജയപ്പെടുകയും ഇരുവരും തമ്മിൽ വാക്‌പോര് ഉണ്ടാവുകയും ചെയ്തിരുന്നു.

ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം, അദ്ദേഹത്തിന്റെ സർക്കാർ ഫെഡറൽ ഗവേഷണ ഫണ്ടിങ് വെട്ടിക്കുറയ്ക്കുകയും ആരോഗ്യ, കാലാവസ്ഥാ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനും ശ്രമിച്ചിരുന്നു. ഫെഡറല്‍ തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള നയത്തിന്റെ ഭാഗമായി സൈന്യത്തിലടക്കമുള്ള 5400 പ്രൊബേഷണറി ജീവനക്കാരെ ട്രംപ് പിരിച്ചുവിടാനൊരുങ്ങിയിരുന്നു. 950,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പദ്ധതിക്കായിരുന്നു ട്രംപ് അംഗീകാരം നല്‍കിയത്.

വിദേശ സഹായത്തിലും സാമ്പത്തിക മേല്‍നോട്ടവകുപ്പിലുമടക്കം 20000ലധികം തൊഴിലാളികളെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ട്രംപ് പുറത്താക്കിയിരുന്നു. ജനറല്‍ സി ക്യൂ ബ്രൗണ്‍ ജൂനിയറിനെയാണ് പുറത്താക്കിയത്.

ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബർത്തോൾഡി രൂപകൽപ്പന ചെയ്ത്, ഗുസ്താവ് ഈഫൽ നിർമിച്ച സ്റ്റാച്യു ഓഫ് ലിബർട്ടി, അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയുടെ സ്മരണയ്ക്കായി 1884ലായിരുന്നു ഫ്രാൻസ് അമേരിക്കയ്ക്ക് സമ്മാനിച്ചത്. 1886 ഒക്ടോബർ 28 ന് ന്യൂയോർക്ക് നഗരത്തിലെ തുറമുഖത്ത് സ്റ്റാച്യു ഓഫ് ലിബർട്ടി അനാച്ഛാദനം ചെയ്തു.

 

Content Highlight: French Lawmaker Demands US Return Statue of Liberty