എംബാപ്പെയടക്കമുള്ള തങ്ങളുടെ സൂപ്പര്‍ താരങ്ങളെ ബോട്ട് ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പാരീസ് സെന്റ് ഷെര്‍മാങ്ങി(പി.എസ്.ജി)നെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രഞ്ച് മാധ്യമപ്രവപര്‍ത്തകന്‍ ഡാനിയല്‍ റിയോലോ.
പി.എസ്.ജി പ്രസിഡന്റിനെ വെള്ളപൂശാനും കളിക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്താനും ഒരു ബാഹ്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് (Mediapart) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരിയില്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ച കിലിയന്‍ എംബാപ്പെയെയും ടീം ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ പി.എസ്.ജി നിഷേധിക്കുകയായിരുന്നു.
എന്നാല്‍ പി.എസ്.ജിയില്‍ ഇത്തരത്തില്‍ ഒരു സെല്‍ നിലവിലുണ്ടെന്ന വാദത്തില്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ റിയോലോ ഉറച്ചുനിന്നു. ആര്‍.എം.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിയോലോ ഇക്കാര്യം പറഞ്ഞത്.
‘അവിടെ പ്രത്യേക ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് നിയമപരമാണോ അല്ലയോ എന്ന കാര്യം അറിയണം. എന്റെ അഭിപ്രായത്തില്‍ അത് വെറുപ്പിന്റെ സീമകള്‍ ലംഘിച്ചെന്ന് ഞാന്‍ കരുതുന്നു.
പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇത് അവരുടെ കഴിവിനെ കുറിച്ചുള്ള ചോദ്യമാണുയര്‍ത്തുന്നത്. പത്ത് വര്‍ഷമായി ഈ ക്ലബ്ബില്‍ തുടരുന്ന ഈ മാനേജ്‌മെന്റ് ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
ടീം ഗ്രൗണ്ടില്‍ എന്ത് ചെയ്യണം, എങ്ങനെ താരങ്ങളെ റിക്രൂട്ട് ചെയ്യണം എന്നെല്ലാം നോക്കുന്നതിന് പകരം അവരെ സംബന്ധിച്ച് ഇത് വെറും ബിസിനസ് മാത്രമായിക്കൊണ്ടിരിക്കുകയാണ്. ഈ നടപടികള്‍ ദിവസം തോറും നെഗറ്റീവ് ഇമേജാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ആഗ്രഹം, എല്ലാവരേയും നിയന്ത്രിക്കാനുള്ള ആഗ്രഹം, ഒരുതരം ആഗോള വിപണന-വിനിമയ തന്ത്രം ആവിഷ്‌കരിക്കാനുള്ള ആഗ്രഹം ഇവയെല്ലാം കാരണം ക്ലബ്ബ് പതിയെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആ സെല്ലിന്റെ തലപ്പത്ത് ഇരിക്കുന്നവനാരാണോ ആയാള്‍ കാരണം ഈ ക്ലബ്ബ് തന്നെ ഇല്ലാതാവാന്‍ പോവുകയാണ്,’ റിയോലോ പറഞ്ഞു.
എംബാപ്പെക്ക് ക്ലബ്ബിനോട് വെറുപ്പ് തോന്നാനുള്ള അവകാശമുണ്ടെന്നും പി.എസ്.ജി വിടാനുള്ള അവന്റെ തീരുമാനം ശരിയാണെന്നും അദ്ദേഹം പറയുന്നു.
‘കിലിയന്‍ എംബാപ്പെയെങ്കിലും മീഡിയപാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ സത്യമാണെന്ന് മനസിലാക്കി. ഇതിനോടകം തന്നെ അവന്‍ ക്ലബ്ബിനെ വെറുത്തിട്ടുണ്ട്. അവന്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് തികച്ചും ഭയങ്കരമാണ്.
എല്ലാവരും ഉപാധികളോടെയാണ് ഇത് ഉപയോഗിക്കുന്നത്. ഇതെല്ലാം ഇപ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
പി.എസ്.ജിയില്‍ തുടരണം എന്നുള്ളതുകൊണ്ട് എല്ലാവരും ആദ്യം സംസാരിച്ച് തുടങ്ങുന്നു, ശേഷം എല്ലാവരും പരസ്പരം കുറ്റപ്പെടുത്തുന്നു. എല്ലാവരും എല്ലാവരേയും കുറ്റപ്പെടുത്തുമ്പോള്‍ അത് സത്യമാണെന്ന് വരുന്നു,’ റിയോലോ പറയുന്നു.