World News
വ്യാപക പ്രതിഷേധം; വിവാദ പൊലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 01, 03:20 am
Tuesday, 1st December 2020, 8:50 am

പാരിസ്: ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു.

കഴിഞ്ഞ ദേശീയ അസംബ്ലിയില്‍ പാസായ നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് തെരുവിലിറങ്ങിയിരുന്നത്. പാരീസില്‍ മാത്രം 50,000ത്തോളം പേര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി.

കറുത്തവര്‍ഗക്കാരനായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ നിയമനിര്‍മ്മാണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവത്തെ അപലപിക്കുകയും ”അസ്വീകാര്യമായ ആക്രമണം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഫോട്ടോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമായിരുന്നു പൊലീസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ പൊലീസിന്റെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന പുതിയ നിയമം നിര്‍മ്മിക്കുകയായിരുന്നു അധികാരികള്‍ ചെയ്തത്.

ഈ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോകള്‍ അവര്‍ക്ക് ”ശാരീരികമോ മാനസികമോ’ ആയി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാകും. പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 45,000 യൂറോ (39,81,907.17 ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുന്ന വിധത്തിലായിരുന്നു ഈ നിയമം.

ഓണ്‍ലൈന്‍ ദുരുപയോഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് നിയമമെന്നായിരുന്നു സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ മാക്രോണ്‍ ഭരണകൂടം കൂടുതല്‍ വലതുപക്ഷത്തേക്ക് ചെരിയുന്നതിന്റെ തെളിവാണിതെന്ന് വിമര്‍ശകര്‍ പറഞ്ഞു.

”തങ്ങളുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ അഭിപ്രായ സ്വാതന്ത്ര്യവും വിവര സ്വാതന്ത്രവും ആക്രമിക്കപ്പെടുകയാണെന്നാണ്” അഭിഭാഷക സോഫി മിസിറാക്ക നിയമത്തോട് പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്ച ദേശീയ അസംബ്ലിയില്‍ പാസാക്കിയ നിയമം ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയതിനാല്‍ സെനറ്റിന്റെ അംഗീകാരത്തിനായി വിട്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ തങ്ങളുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന സ്വഭാവമായ ‘പൊതു സ്വാതന്ത്ര്യത്തിന്” വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാണിച്ച് വലിയ ജനകീയ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്നാണ് വിവാദ നിയമം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: French Govt withdrew law restricting taking photos of police after huge protests