| Friday, 23rd December 2022, 12:16 pm

ആളിക്കത്തിയ ആഘോഷങ്ങള്‍ അണയാന്‍ പോകുന്നു; മാര്‍ട്ടിനെസിനെതിരെ പരാതി നല്‍കി ഫ്രാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെതിരെ പരാതി നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ നോയല്‍ ലെ ഗ്രേറ്റ്. ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ലൗ ജേതാവായ മാര്‍ട്ടിനെസ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി.

ലോകകപ്പിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ഫ്രഞ്ച് താരങ്ങളോടും പ്രത്യേകിച്ച് കിലിയന്‍ എംബാപ്പെയോടും പെരുമാറിയ രീതി അതിരുകടന്നതാണെന്നും സംഭവത്തോടുള്ള എംബാപ്പെയുടെ സമീപനം മാതൃകാപരമാണെന്നും ലെ ഗ്രേറ്റ് പറഞ്ഞു.

സംഭവത്തില്‍ മാര്‍ട്ടിനെസിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി വിഷയത്തിലെ സ്ഥിതിഗതികളെ കുറിച്ച് സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഫൈനലിലെ ജയത്തിന് ശേഷം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് പലവിധേന എംബാപ്പെയെ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്.

പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം. ഇതിനെതിരെയും പ്രതിഷേധം ആളിക്കത്തുകയാണ്.

എന്നാല്‍ ഇതൊന്നും വകവെക്കാതെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തിരിച്ചെത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു.

ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്നാണ് എംബാപ്പെ പ്രതികരിച്ചത്. ഇതോടെ 28ന് സ്ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും.

Content Highlights: French Football Federation against Argentine Goal Keeper Emiliano Martinez

We use cookies to give you the best possible experience. Learn more