സിദാനെ അധിക്ഷേപിച്ച ഫ്രഞ്ച് പ്രസിഡന്റ് പുറത്ത്; കോച്ച് ദെഷാംപ്‌സിന്റെ കരാര്‍ പുനഃപരിശോധിക്കും
ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തള്ളിപ്പഞ്ഞതിന് പിന്നാലെ നോയല്‍ ലെ ഗ്രാറ്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍.
ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ പുതുക്കിയ കാര്യത്തില്‍ ലെ ഗ്രാറ്റ് വ്യക്തിപരമായ നീക്കം നടത്തിയതായും സൂചനയുണ്ട്.
ഫ്രഞ്ച് ഫുട്‌ബോളില്‍ എന്തൊക്കെയോ പുകഞ്ഞ് മണക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഖത്തർ ലോകകപ്പിനിടയില്‍ തന്നെ പ്രകടമായിരുന്നു.
പരിക്ക് മാറി ആരോഗ്യവാനയി തിരിച്ചെത്തിയ ബെന്‍സെമയെ ലോകകപ്പ് ടീമിലേക്ക് തിരിച്ച് വിളിക്കാതിരുന്നതും ദെഷാംപ്സിന് പുതിയ കരാര്‍ നല്‍കിയതിന് ശേഷം ലാ ഗ്രാറ്റ് സിദാനെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങളും അതിനെതിരെ എംബാപ്പെ അടക്കമുള്ള താരങ്ങള്‍ രംഗത്ത് വന്നതുമെല്ലാം ഫ്രഞ്ച് ഫുട്‌ബോളിലെ അസ്വാരസ്യങ്ങളെ ചൂണ്ടിക്കാട്ടുന്നവയാണ്.
സിദാനെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നീട് ലെ ഗ്രാറ്റ് ക്ഷമാപണം നടത്തിയിരുന്നു. ലോകകപ്പിന് ശേഷം സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പ് വരെ ദെഷാംപ്സിന്റെ കരാര്‍ നീട്ടുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെയ്തത്.
എന്നാല്‍ ഈ തീരുമാനത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനിലെ തന്നെ ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് ഫ്രാന്‍സിലെ പ്രമുഖ മാധ്യമമായ എല്‍ എക്വിപ്പെ റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങളുടെ പൂര്‍ണമായ അറിവില്ലാതെയാണ് ദിദിയര്‍ ദെഷാംപ്സിന്റെ കരാര്‍ 2026വരെ പുതുക്കിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. അതിനാല്‍ ദെഷാംപ്സിന്റെ കരാര്‍ പുനഃപരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദെഷാംപ്സിന് ഇത്രയും ദൈര്‍ഘ്യമുള്ള കരാറാണ് നല്‍കുന്നതെന്ന് കമ്മിറ്റിയിലെ പല അംഗങ്ങളും അറിഞ്ഞിട്ടില്ലെന്നും കരാര്‍ നല്‍കുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് പുതിയ കോണ്‍ട്രാക്റ്റിന്റെ കാര്യം അംഗങ്ങള്‍ അറിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് ലെ ഗ്രാറ്റയെ പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്‍വലിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
സിദാനെ പരിശീലകനാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, സിദാന്‍ വിളിച്ചാല്‍ ഫോണ്‍ പോലും താന്‍ എടുക്കില്ലെന്നും നോയല്‍ ലെ ഗ്രാറ്റ് പറഞ്ഞത് ആരാധകരെ ചൊടിപ്പിച്ചിരുന്നു.
‘സിദാന്‍ ഞങ്ങളുടെ റഡാറിലുണ്ട്, അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കിപ്പോള്‍ സാധിക്കില്ല. അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ട്.
എല്ലാം ഞാന്‍ സമ്മതിച്ചു തരാം. പക്ഷെ ദെഷാംപ്‌സിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിന് ആരും ശ്രമിക്കരുത്.
പരിശീലക സ്ഥാനത്തിന് വേണ്ടി എന്നെയെങ്ങാനും സിദാന്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഞാന്‍ ഫോണ്‍ പോലും എടുക്കില്ല, വേറെ വല്ല ക്ലബ്ബോ, ദേശീയ ടീമോ കണ്ടെത്തുന്നതാകും അദ്ദേഹത്തിന് നല്ലത്,’ ഗ്രാറ്റ് കൂട്ടിച്ചേര്‍ത്തു.
ഗ്രാറ്റിന്റെ വാക്കുകള്‍ സിദാനെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ഇതിഹാസമാണെന്നും പ്രഖ്യാപിച്ച് നിരവധി ആരാധകരാണ് ഗ്രാറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്. ഒപ്പം ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെയും ഗ്രാറ്റിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
‘സിദാനെന്നാല്‍ ഫ്രാന്‍സ് എന്നും അര്‍ത്ഥമുണ്ട്. ഒരു ഇതിഹാസത്തെ അപമാനിക്കാന്‍ നിങ്ങള്‍ക്കാര്‍ക്കും അവകാശമില്ല,’ എംബാപ്പെ ട്വീറ്റ് ചെയ്തു.
എന്നാല്‍ സിനദിന്‍ സിദാനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ലെ ഗ്രാറ്റ് പിന്നീട് പറയുകയായിരുന്നു. സിദാനെതിരെ താന്‍ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളില്‍ മാപ്പു പറയുന്നെന്നും അദ്ദേഹത്തിനെതിരെ എന്തെങ്കിലും പറയുകയെന്നത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും ലെ ഗ്രാറ്റ് പറഞ്ഞു.
ഫ്രാന്‍സിലെ ജനങ്ങള്‍ക്കെന്നപോലെ സിദാനോട് തനിക്കുള്ള ബഹുമാനം അദ്ദേഹത്തിന് തന്നെ അറിയാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ലെ ഗ്രാറ്റ് പറഞ്ഞു. നിലവിലെ സംഭവവികാസങ്ങള്‍ സിനദിന്‍ സിദാന് പ്രതീക്ഷയാണ്. ഫ്രാന്‍സിന്റെ പരിശീലകനാവുകയെന്നത് സിദാന്റെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു.
അതിനുവേണ്ടി നിരവധി ക്ലബുകളുടെ ഓഫറുകള്‍ തഴഞ്ഞ് അദ്ദേഹം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദെഷാംപ്സിന്റെ കരാര്‍ പുനഃപരിശോധിച്ചാലും അടുത്ത യൂറോക്ക് ശേഷമേ സിദാന് ഫ്രാന്‍സ് ടീമിലെത്താന്‍ കഴിയൂ. അതുവരെ താരം ഏതെങ്കിലും ക്ലബ്ബിനെ പരിശീലിപ്പിക്കാന്‍ തയ്യാറാകുമോ എന്നത് കണ്ടറിയേണ്ടതാണ്.
Content Highlights: French Food Federation announces Le Graet’s withdrawal after disrespect speech on Zinadine Zidane