പാരിസ്: ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവും മുന്‍ പാര്‍ലമെന്റേറിയനുമായ ജീന്‍ മാരി ലെ പെന്‍ (96) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഫ്രഞ്ച് രാഷ്ട്രീയത്തില്‍ തീവ്രവലതുപക്ഷ ചിന്തകള്‍ക്ക് തുടക്കം കുറിച്ച നേതാവാണ് ജീന്‍ മാരി ലെ പെന്‍. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ സ്ഥാപകന്‍ ആണ്. 1972ലാണ് നാഷണല്‍ റാലി സ്ഥാപിതമായത്. അന്ന് നാഷണല്‍ ഫ്രണ്ട് എന്നായിരുന്നു പാര്‍ട്ടിയുടെ പേര്.
നിരവധി തവണ അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 2002ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വരെ എത്തിയിരുന്നു.
രാഷ്ട്രീയ ജിവിതത്തിലുടനീളം വിവാദപരമായ പ്രസ്താവനകളും അന്ധമായ നാസിസവും ലെ പെന്നിനെ പിന്തുടര്‍ന്നിരുന്നു. നാസി ഭരണത്തിന് കീഴില്‍ ജര്‍മനിയിലെ ജൂതരെ ഹോളോകോസ്റ്റ് ചെയ്തത് കെട്ടുകഥയാണെന്ന അദ്ദേഹത്തിന്റെ പരമാര്‍ശം ഏറെ വിവാദമായിരുന്നു.
ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പറുകളെ പുകഴ്ത്തിയതിന് 1990ല്‍ ജയില്‍ശിക്ഷ ലഭിക്കുകയും ചെയ്തു. ഹോളോകോസ്റ്റ് നിഷേധത്തിനെതിരെ കര്‍ശനമായ നിയമങ്ങളുള്ള രാജ്യമാണ് ഫ്രാന്‍സ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിന് ലെ പെന്നിന് 30,000 യൂറോ പിഴ ചുമത്തിയിരുന്നു.
2011ല്‍ മകള്‍ മാരീ ലെ പെന്‍ പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്തതോടെ ജീന്‍ മാരി ലെ പെന്നിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലെ പെന്നിനെ ‘തീവ്ര വലതുപക്ഷത്തിന്റെ ചരിത്ര വ്യക്തി’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പങ്ക് ചരിത്രം വിധിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.
1928ല്‍ ബ്രിട്ടാനിയില്‍ ജനിച്ച ലെ പെന്‍, 1950ല്‍ നിയമം പഠിച്ചു. 1953 ല്‍ ഇന്തോ ചൈനയില്‍ യുദ്ധത്തില്‍ പാരാട്രൂപ്പറായി ഫ്രാന്‍സിനായി അദ്ദേഹം ജോലി ചെയ്തിരുന്നു.
Content Highlight: French far-right leader Jean-Marie Le Pen dies