പാരീസ്: ഫ്രാന്‍സില്‍ ഔദ്യോഗികമായി ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനു മുമ്പേ തന്നെ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തല്‍. പാരീസിലെ തീവ്രപരിചരണ വിഭാഗം ചീഫായ ഡോക്ടറാണ് നേരത്തെ ഫ്രാന്‍സില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നെന്നും ഇത് പരിശോധനയില്‍ കണ്ടെത്താനായില്ലെന്നും വ്യക്തമാക്കിയത്.
ഫ്രാന്‍സിലെ BEFMTV ചാനലിനോടാണ് തീവ്രപരിചരണ വിഭാഗം ചീഫായ യവസ് കോഹന്റെ പ്രതികരണം.
ജനുവരി അവസാനമാണ് ഫ്രാന്‍സില്‍ ഔദ്യോഗികമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് തന്നെ ഫ്രാന്‍സില്‍ കൊവിഡ് വ്യാപനം നടന്നിരുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 24 രോഗികളുടെ പരിശോധനഫലം പുനഃപരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്.ഈ 24 രോഗികളില്‍ ഒരാള്‍ക്ക് കൊവിഡ് ആയിരുന്നു. ഇവരുടെ നേരത്തെയുള്ള ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. ഇതിനു പിന്നാലെ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയവരുടെ റിസല്‍ട്ട് വീണ്ടും പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പാരീസ് ആരോഗ്യവകുപ്പ്. 24895 പേരാണ് ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മെയ് 11 നാണ് ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി അവസാനിക്കുന്നത്.
ഫ്രാന്‍സ്, ഇറ്റലി സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ കൊവിഡ് മരണ നിരക്കില്‍ കാര്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഫ്രാന്‍സില്‍ 135 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. സ്‌പെയിനില്‍ 164 ഉം ഇറ്റലിയില്‍ 174 ഉം ആണ് മരണ നിരക്ക്. ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം ആയി. 247000 ത്തിലേറെ പേര്‍ ഇതുവരെ മരിച്ചു. 11 ലക്ഷത്തോളം പേര്‍ രോഗവിമുക്തി നേടി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.