| Saturday, 22nd September 2018, 10:35 am

റാഫേല്‍: ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം ഫ്രാന്‍സിനുണ്ട്; മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ തള്ളി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതു പ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ തള്ളി ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം. റാഫേല്‍ പോലുള്ള കരാറുകളില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അധികാരം ഫ്രഞ്ച് കമ്പനികള്‍ക്കുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം പറഞ്ഞത്.

ഇന്ത്യയിലെ ഫ്രഞ്ച് എംബസ്സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം പറയുന്നത്.

“റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇരു സര്‍ക്കാറുകളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം യുദ്ധവിമാനങ്ങളുടെ ഗുണമേന്മയും അവ ലഭിക്കുന്നുവെന്നതും ഉറപ്പുവരുത്തുക മാത്രമാണ് ഫ്രഞ്ച് സര്‍ക്കാറിന്റെ ഉത്തരവാദിത്തം.” പ്രസ്താവനയില്‍ പറയുന്നു.

Also Read:സാലറി ചലഞ്ചിന് വിസമ്മത പത്രം നല്‍കാനുള്ള അവസരം ശനിയാഴ്ച അവസാനിക്കും; പെന്‍ഷന്‍കാരുമായുള്ള ചര്‍ച്ച ശനിയാഴ്ച വൈകീട്ട്

ഇന്ത്യയില്‍ നടപ്പാലാക്കുന്ന ഈ പ്രോജക്ടിന് ഏത് ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഫ്രാന്‍സിനുണ്ട്. അതിനുശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് അംഗീകാരം നല്‍കുകയും ഔദ്യോഗികമായി കരാറുമായി സഹകരിക്കുകയുമാണ് പതിവെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഹോളണ്ടെ കഴിഞ്ഞദിവസം ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അംബാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നാണ് വാര്‍ത്ത പറയുന്നത്.

ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കോണ്‍ഗ്രസിന്റെ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

We use cookies to give you the best possible experience. Learn more