ലോകകപ്പ് ഫുട്ബോൾ ആവേശം അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുകയാണ്. ലോകകപ്പ് മത്സരത്തിന് ലുസൈൽ സ്റ്റേഡിയത്തിൽ വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇനിയാരാകും ലോക ഫുട്ബോളിലെ തമ്പുരാക്കന്മാർ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ.
ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അർജന്റീനയെ തോൽപ്പിക്കാനായാൽ ഒരു അപൂർവ നേട്ടം സ്വന്തമാക്കാൻ ഫ്രഞ്ച് ക്യാപ്റ്റനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസിന് അവസരമൊരുങ്ങും.
തുടർച്ചയായ രണ്ട് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോഡാണ് ഹ്യൂഗോ ലോറിസിനെ കാത്തിരിക്കുന്നത്. ഫ്രാൻസിന്റെ ക്യാപ്റ്റനായ 35 കാരൻ ലോറിസ് തന്നെയായിരുന്നു 2018 റഷ്യൻ ലോകകപ്പിലും ഫ്രഞ്ച് ടീമിനെ നയിച്ചിരുന്നത്. പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടൻഹാം ഹോട്സ്പെയറിന്റെ ഗോൾ കീപ്പർ കൂടിയാണ് ഹ്യൂഗോ ലോറിസ്.
ഖത്തർ ലോകകപ്പ് ലോറിസിന്റെ കരിയറിലെ മൂന്നാം ലോകകപ്പാണ്. ഇറ്റലിയും ബ്രസീലുമാണ് ഇതിന് മുമ്പ് തുടർച്ചയായി രണ്ട് ലോകകപ്പുകൾ സ്വന്തമാക്കിയത്.
1934ല്‍ കിരിടംനേടിയ ഇറ്റലി 1938ലും ചാമ്പ്യൻപട്ടം നിലനിർത്തി. ആദ്യകിരീടം നേടിയപ്പോള്‍ ജിയാന്‍ പിയേറോയാണ് ഇറ്റലിയെ നയിച്ചതെങ്കിൽ 1938ൽ ഗിസെപ്പെ മീസയായിരുന്നു ഇറ്റാലിയൻ ക്യാപ്റ്റനായി കപ്പുയര്‍ത്തിയത്. 1958ല്‍ കിരീടം നേടിയ ബ്രസീല്‍ ടീം ക്യാപ്റ്റന്‍ ഹില്‍ഡെറാഡോ ബെല്ലിനിയും 1962ല്‍ വീണ്ടും ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടായിരുന്നത് മൗറോ റാമോസിനായിരുന്നു.
അതേസമയം ലോകകപ്പിൽ മെസിക്ക് അമിത പ്രാധാന്യം നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹ്യൂഗോ ലോറിസ് രംഗത്ത് വന്നിരുന്നു.
മാധ്യമ പ്രവർത്തകർ തുടർച്ചയായി മെസിയെക്കുറിച്ച് ചോദിച്ചപ്പോൾ ” ഈ ടൂർണമെന്റിൽ ഓരോ കളിക്കാരനെയും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
മികച്ച രണ്ട് രാഷ്ട്രങ്ങളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. മെസിയെപോലുള്ള ഒരു കളിക്കാരനെ എതിരിടുമ്പോൾ, തീർച്ചയായും കൂടുതൽ ശ്രദ്ധിക്കണം. പക്ഷെ ഫൈനലിൽ കളിക്കുന്നത് മെസി മാത്രമല്ല,’ എന്നായിരുന്നു ഹ്യൂഗോ ലോറിസ് മറുപടി പറഞ്ഞത്.
“നാളത്തെ മത്സരം പരസ്പരം ബഹുമാനിച്ച് കളിക്കേണ്ടതാണ്. ഞങ്ങൾ ഇപ്പോഴും എതിരാളികളെ പഠിക്കുകയും, നാളത്തെ മത്സരത്തിനായി തയാറാവുകയുമാണ്. ഞങ്ങൾ മുൻകൂട്ടി തയാറാകാത്ത ഒരു മുന്നേറ്റവും നാളത്തെ മത്സരത്തിൽ ഉണ്ടാകാൻ പാടില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം മത്സരത്തിൽ അർജന്റീനക്ക് ജയിക്കാനായാൽ തുടർച്ചയായ 20 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ലാറ്റിനമേരിക്കയിലേക്കെത്തും. അവസാനമായി 2022ൽ ബ്രസീലാണ് ലാറ്റിനമേരിക്കയിൽ നിന്നും ലോകകിരീടം സ്വന്തമാക്കിയത്.
Content Highlights:French captain Hugo Lloris is about to achieve a rare achievement in the World Cup