രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഉണ്ടായിട്ടും ആ റെക്കോഡിന് ഒരു അസോസിയേറ്റ് താരം വേണ്ടി വന്നു; ചരിത്രത്തില്‍ ഇടം നേടി ഫ്രാന്‍സ് ബാറ്റര്‍
Sports News
രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഉണ്ടായിട്ടും ആ റെക്കോഡിന് ഒരു അസോസിയേറ്റ് താരം വേണ്ടി വന്നു; ചരിത്രത്തില്‍ ഇടം നേടി ഫ്രാന്‍സ് ബാറ്റര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th July 2022, 9:31 am

ഒന്നിന് പിന്നാലെ ഒന്നായി റെക്കോഡുകള്‍ നേടി ഫ്രാന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ ഗുസ്താവ് മക്കിയോണ്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ റണ്ണടിച്ചുകൂട്ടി കാണികളെ ഞെട്ടിച്ച മക്കിയോണ്‍ തുടര്‍ന്നുള്ള മത്സരത്തിലും അതേ മികവ് ആവര്‍ത്തിച്ചു.

നാല് ദിവസം മുമ്പ് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മക്കിയോണ്‍ ഇക്കാലയളവില്‍ മാത്രം നേടിയെടുത്ത റെക്കോഡുകള്‍ ചില്ലറയല്ല.

അരങ്ങേറ്റ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ 76 റണ്‍സെടുത്ത് തുടങ്ങിയ മക്കിയോണ്‍ തൊട്ടടുത്ത മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ ടി-20 ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാവാനും മക്കിയോണിനായി.

 

തന്റെ മൂന്നാമത്തെ മാത്രം മത്സരത്തില്‍ നോര്‍വേയ്‌ക്കെതിരെയും നൂറടിച്ചതോടെ ഒരു അപൂര്‍വ റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന സൂപ്പര്‍ റെക്കോഡാണ് മെക്കോണ്‍ തന്റെ പേരില്‍ കുറിച്ചത്.

നോര്‍വേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫ്രാന്‍സ് മെക്കോണിന്റെ ബാറ്റിങ് മികവില്‍ 158 റണ്‍സെടുത്തിരുന്നു. ശേഷം ബൗളിങ്ങിലും തിളങ്ങിയ മക്കിയോണ്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ 11 റണ്‍സിന്റെ വിജയം ഫ്രാന്‍സ് നേടുകയായിരുന്നു.

ആദ്യ മൂന്ന് മത്സരത്തില്‍ നിന്നും 286 റണ്‍സാണ് താരം സ്വന്തമാക്കിയത്. 95.33 ശരാശരിയിലും 170.23 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടിയത്.

 

ഇതോടെ മറ്റൊരു റെക്കോഡും മക്കിയോണ്‍ സ്വന്തമാക്കി. ആദ്യ മൂന്ന് ടി-20 മത്സരത്തില്‍ നിന്നും ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന റെക്കോഡിനൊപ്പമാണ് ഗുസ്താവ് മക്കിയോണ്‍ തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ അസര്‍ അന്ദാനിയുടെ 241 റണ്‍സിന്റെ റെക്കോഡാണ് മെക്കോണ്‍ പഴങ്കഥയാക്കിയത്.

അസര്‍ അന്ദാനി

നോര്‍വേയ്‌ക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പ് സബ് റീജ്യണല്‍ യൂറോപ് ക്വാളിഫയര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്താനും ഫ്രാന്‍സിനായി. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഫ്രാന്‍സിന്റെ സമ്പാദ്യം.

നോര്‍വേയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നാല് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് നോര്‍വേയ്ക്കുള്ളത്.

എസ്‌റ്റോണിയ ആയിട്ടാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. ഇതേ പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യൂറോപ്പ് ക്വാളിഫയറിന് യോഗ്യത നേടാനും ഫ്രാന്‍സിനാവും.

 

Content highlight:  French batter Gustav McKeon breaks T20I world record with stunning back to back century