പാരിസ്: ഫ്രഞ്ച് സിനിമയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ സീസര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി കോറീനി മസീറോ നടത്തിയ പ്രതിഷേധം ചര്‍ച്ചയാകുന്നു. തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോറീനി പുരസ്‌കാരവേദിയില്‍ വസ്ത്രമുരിഞ്ഞു കളയുകയായിരുന്നു.
കഴുതയുടെ രൂപത്തോട് സാമ്യമുള്ള വസ്ത്രവുമായാണ് കോറീനി വേദിയിലെത്തിയത്. രക്തപ്പാടുകളും ശരീരത്തിലുണ്ടായിരുന്നു. പിന്നീട് ഈ വസ്ത്രം ഉപേക്ഷിക്കുകയായിരുന്നു.
പൂര്‍ണ്ണ നഗ്നയായി നിന്നുകൊണ്ടാണ് അവര്‍ തിയേറ്ററുകള്‍ തുറക്കണമെന്നും കലാരംഗത്തെ സഹായിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് കല തിരിച്ചുവേണമെന്നും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ഭാവിയില്ലെന്നും കോറീനിയുടെ ശരീരത്തില്‍ എഴുതിയിരുന്നു.
കൊവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ തിയേറ്ററുകള്‍ അനശ്ചിത കാലത്തേക്ക് അടച്ചത്. വിവിധ രാജ്യങ്ങളില്‍ തിയേറ്ററുകള്‍ തുറക്കുകയും മുടങ്ങിയിരുന്ന പല ഷൂട്ടിങ്ങുകളും ആരംഭിക്കുകയും ചെയ്‌തെങ്കിലും തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന തീരുമാനത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. സര്‍ക്കാരിന്റെ നടപടിക്കെതിരെ ഫ്രഞ്ച് സിനിമാമേഖലയില്‍ നിന്നും നേരത്തെയും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.