തിരുവനന്തപുരം: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസ് മലപ്പുറത്ത് തന്നെ തുടരുമെന്നാണ് മന്ത്രാലയം അറിയിച്ചത്. മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കി കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാനായിരുന്നു പദ്ധതി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുളളത് മലപ്പുറം ജില്ലയിലാണ്. ഒരുവര്‍ഷം രണ്ടര ലക്ഷത്തോളം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മലപ്പുറം ഓഫീസ് ഇല്ലാതാവുന്നതോടെ പുതിയ പാസ്പോര്‍ട്ടിനും പഴയ പാസ്പോര്‍ട്ട് പുതുക്കുന്നതിനും കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് വിവിധ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പരാതിയുണ്ടായിരുന്നു.
ഓഫീസ് മാറ്റാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാലക്കാട് ജില്ലകളിലുളളവരും മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസിനെയാണ് ആശ്രയിക്കുന്നത്.
2006ല്‍ മലപ്പുറം കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ച ശേഷം 20 ലക്ഷം പേര്‍ പുതിയതും പുതുക്കിയതുമായ പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്നു നേടിയിട്ടുണ്ട്. 310 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഓഫീസിന് 1.25 ലക്ഷം രൂപയാണ് കെട്ടിട വാടക നല്‍കേണ്ടിവരുന്നത്. ഇത്രയും പണം വാടകയിനത്തില്‍ നല്‍കാനാവില്ലെന്ന് ചൂണ്ടാക്കാട്ടിയായിരുന്നു മന്ത്രാലയം ഓഫീസ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്നത്.