| Thursday, 21st December 2017, 12:16 am

കപട ചികിത്സകള്‍ക്കെതിരെ ഏറണാകുളത്ത് സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മ: വിദഗ്ധരുടെ പ്രഭാഷണങ്ങളും സംശയ നിവാരണവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആരോഗ്യരംഗത്ത് ശക്തമാകുന്ന തെറ്റിദ്ധാരണകളുടെയും ചികിത്സാ തട്ടിപ്പുകളുടെയും പൊള്ളത്തരം തുറന്നുകാട്ടാന്‍ സ്വതന്ത്ര ചിന്തകര്‍ ഒത്തുകൂടുന്നു. ഏറണാകുളം കലൂര്‍ ഐ.എം.എ ഹാളില്‍ ഡിസംബര്‍ 23 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 1.30വരെയാണ് കൂട്ടായ്മ.

ശാസ്ത്ര പ്രചാരകരുടെ സംഘടനയായ എസ്സെന്‍സിന്റെ നേതൃത്വത്തിലാണ് എറണാകുളത്തു ഏകദിന സമ്മേളനം നടത്തുന്നത്. ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെയും ചികിത്സാ തട്ടിപ്പുകളെയും കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ മുന്‍ അധ്യാപകനും, ഇന്‍ഫോ ക്ലിനിക്കിന്റെ സജീവ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ജിനേഷ് പി.സ്. സംസാരിക്കും.

“തുണി നിറച്ച തലയോട്ടികള്‍” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ആരോഗ്യവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നില്‍ക്കുന്ന തെറ്റാദ്ധാരണകളെ ദൂരീകരിക്കുന്നതായിരിക്കും.

ചങ്ങനാശ്ശേരി എസ്. ബി കോളേജില്‍ രസതന്ത്ര അധ്യാപകനായ അരവിന്ദ് കൃഷ്ണനാണ് മറ്റൊരു പ്രഭാഷകന്‍. മുന്‍ റാങ്ക് ജേതാവ് കൂടിയായ അദ്ദേഹം പ്രഭാഷകനും വീഡിയോ ബ്ലോഗ്ഗറുമാണ്. “ഒരു ഗുളികയുടെ കഥ” എന്ന പ്രഭാഷണത്തിലൂടെ അദ്ദേഹം ആധുനിക മരുന്നുകളുടെ വികസനം, പരീക്ഷണം, ശരീരത്തില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ശാസ്ത്രീയ വശങ്ങള്‍ പരിചയപ്പെടുത്തുകയാണ് ചെയ്യുക.

സ്വതന്ത്ര ചിന്തകളും എഴുത്തുകാരനും ശാസ്ത്ര പ്രചരണത്തിലെ സംഭാനവകള്‍ക്ക് 2016ലെ സംസ്ഥാന പുരസ്‌കാര ജേതാവുമായ സി. രവി ചന്ദ്രന്റെ “വെളിച്ചപ്പാടിന്റെ ഭാര്യ 2017- ഫോസ്റ്റസിന്റെ രക്തം” എന്ന പ്രഭാഷണവും കൂട്ടായ്മയുടെ ഭാഗമായി ഉണ്ടാകും.

സ്വതന്ത്രചിന്തകരും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിവാദമായ മുന്‍ പ്രഭാഷണങ്ങളുടെയും എഴുത്തുകളുടെയും തുടര്‍ച്ചയായി മാറി വരുന്ന സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അതെ വിഷയത്തെ തന്നെ അപഗ്രഥിക്കുകയാണ് സി .രവിചന്ദ്രന്‍ ഈ പ്രഭാഷണത്തില്‍.

കൂട്ടായ്മയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

We use cookies to give you the best possible experience. Learn more