മുംബൈ: എന്തും വിളിച്ച് പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നതെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കുമെതിരെ അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയതിന് കേസെടുത്തത് ചോദ്യം ചെയ്ത യുവതിയുടെ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, എം.എസ് കര്‍ണിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ സുനൈന ഹോളിയെ അറസ്റ്റ് ചെയ്യുന്നത് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു.
മൂന്ന് എഫ്.ഐ.ആറുകളാണ് സുനൈനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ സുനൈന സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് സുനൈന സ്‌റ്റേഷനില്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ പറഞ്ഞു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒന്നാണെന്നതിനാല്‍ സുനൈനയെ രാഷ്ട്രീയമായി ലക്ഷ്യം വെക്കുകയാണെന്നും അഭിഭാഷകന്‍ വാദിച്ചു.
ആര്‍ട്ടിക്കിള്‍ 19 ഉറപ്പുവരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം റദ്ദ് ചെയ്യപ്പെടുകയാണെന്നും സുനൈനയുടെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ സുനൈന ചോദ്യം ചെയ്യലിന് സഹകരിക്കണമെന്നും അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കോടതി അഭിഭാഷകനെ അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 19 പ്രകാരം സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായപ്രകടനം നടത്താനുമുള്ള ഒരാളുടെ അവകാശം പരമമായ ഒന്നല്ലെന്ന് ബെഞ്ച് ഓര്‍മ്മിപ്പിച്ചു. ആളുകള്‍ ഈ ധാരണയിലാണ് മുന്നോട്ടുപോകുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക