| Saturday, 3rd May 2014, 3:34 pm

ആഗോളതലത്തില്‍ പത്രസ്വാതന്ത്ര്യം കുറയുന്നു; ഇന്ത്യയുടെ സ്ഥാനം 78

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] വാഷിങ്ടണ്‍: ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം കുറയുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന സംഘടനയായ ഫ്രീഡം ഹൗസിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയുടെ സ്ഥാനം 78 ആണ്. നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന റാങ്കിലുള്ളത്. 197 രാജ്യങ്ങളുടെ പട്ടികയില്‍ ഉത്തര കൊറിയയാണ് ഏറ്റവും പിറകെയുള്ളത്.

ആഗോളതലത്തില്‍ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുപോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പ്രൊജക്റ്റ് ഡയറക്ടര്‍ കരിന്‍ കര്‍ലേകര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വരികയാണെന്നും മാധ്യമങ്ങള്‍ വഴിയുള്ള സന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം 2013ല്‍ ദക്ഷിണേഷ്യയില്‍ കൊല്ലപ്പെട്ടത് 23 മാധ്യമപ്രവര്‍ത്തകരാണെന്ന് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ജേണലിസ്റ്റ്‌സ് കണക്ക്. ഇവരില്‍ 12 പേരും ഇന്ത്യക്കാരാണ്. ഇന്ത്യയിലും പാകിസ്ഥാനിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മിക്ക കേസുകളും തെളിയിക്കപ്പെടാതെ അവശേഷിക്കുകയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഏറ്റവുമധികം ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പുറത്തിറക്കിയ പട്ടികയില്‍ പറയുന്നു.

അതിനിടെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ഹുഡിനെ സഹായിച്ചെന്നാരോപിച്ച് ഈജിപ്തില്‍ തടവിലാക്കപ്പെട്ട അല്‍ജസീറ ലേഖകന്‍ മുഹമ്മദ് ഫഹ്മിക്ക് പ്രസ് ഫ്രീഡം അവാര്‍ഡിനര്‍ഹനായി. പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി പ്രസ് ഫ്രീഡത്തിന്റെ കനേഡിയന്‍ കമ്മിറ്റിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മുഹമ്മദ് ഫഹ്മിയോടൊപ്പം അല്‍ജസീറയിലെ മറ്റു രണ്ടുപേരും നാലുമാസത്തിലേറെയായി ജയിലിലാണ്. പത്രപവര്‍ത്തകര്‍ക്കെതിരെ അന്യായ തടങ്കല്‍ നടപടി തുടരുന്ന പുതിയ ഭരണകൂടത്തിന്റെ നടപടിക്കെതിരെ നിരവധി കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിയോട് പത്രപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more