| Friday, 15th March 2024, 12:51 pm

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഐ.ടി റൂള്‍സ്

പി.ബി ജിജീഷ്

രാജ്യത്ത് സൈബര്‍ ഇടങ്ങളില്‍ സെന്‍സര്‍ഷിപ്പ് വരുന്നതിനുള്ള സാധ്യതകള്‍ തുറന്നിടുന്ന സംഭവവികാസങ്ങളാണ് ബോംബെ ഹൈക്കോടതിയില്‍ അരങ്ങേറിയിട്ടുള്ളത്. യൂണിയന്‍ ഗവണ്‍മെന്റ് 2023-ല്‍ വിജ്ഞാപനം ചെയ്ത വിവരസാങ്കേതികവിദ്യാ ചട്ടങ്ങളില്‍ വിഭാവനം ചെയ്തിട്ടുള്ള ‘ഫാക്ട് ചെക്കിംഗ് യൂണിറ്റ്’ അഥവാ ‘വസ്തുതാനിര്‍ണയ സമിതി’ക്ക് ഇനി പ്രവര്‍ത്തിക്കാന്‍ ആകും എന്നതാണ് ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ ഫലം.

നമ്മുടെ രാജ്യത്തെ സൈബര്‍ ഡിജിറ്റല്‍ മേഖലകളെ നിയന്ത്രിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് ആണ്. പ്രസ്തുത നിയമത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉല്ലംഘിക്കുന്ന ‘വകുപ്പ് 66എ’ സുപ്രസിദ്ധമായ ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീംകോടതി റദ്ദു ചെയ്തതാണ്.

ഇന്റര്‍നെറ്റ്, ദേശരാഷ്ട്ര ഭേദങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് മാനവ സ്വാതന്ത്ര്യത്തിന്റെ വികാസത്തിനുള്ള ഉപാധിയായി കണ്ടവര്‍ക്ക് വലിയ ആശ്വാസമായിരുന്നു സുപ്രീംകോടതി വിധി. പലപ്പോഴും ജനാധിപത്യത്തിലെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും വിയോജിപ്പുകളും ഭയപ്പാടില്ലാതെ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു ഇടമായി, ഇന്റര്‍നെറ്റ് സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാക്കിയ സാമൂഹ്യ മാധ്യമങ്ങളും മാറുകയായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഭരണകൂട താല്പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങുന്ന പൊതുസ്വഭാവം കൈവരിച്ചിട്ടുള്ള സമകാലിക സാഹചര്യത്തില്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവശേഷിക്കുന്ന ചെറുതുരുത്തുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയില്‍ ധൈര്യപൂര്‍വ്വം ഇടപെടുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും സന്നദ്ധസേവകരും മാത്രമാണ്.

പണം കൊണ്ടും പ്രലോഭനങ്ങള്‍ കൊണ്ടും പിടിച്ചെടുക്കാന്‍ കഴിയാത്ത ഈ മേഖലയെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ ഭരണകൂടങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണല്ലോ. അതിന്റെ ഭാഗമായിട്ടാണ് സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചട്ടങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 79-ആം വകുപ്പ് അനുസരിച്ച്, ഇന്റര്‍മിഡിയറികള്‍ക്ക്, ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നിയമപരിരക്ഷയുണ്ട്. ഇന്റര്‍മീഡിയറി എന്നാല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ നമ്മളെ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ആണ്. ഉദാഹരണത്തിന് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള ‘ഇടനിലക്കാരാ’ണ്.

അതില്‍ പ്രസിദ്ധീകൃതമാകുന്ന സംഗതികള്‍ പ്രസിദ്ധീകരിക്കുന്ന ആളുകളുടെ മാത്രം ഉത്തരവാദിത്തമാണ്. അതിന്റെ ഉള്ളടക്കത്തിന് മേല്‍ ഇന്റര്‍മീഡിയറികള്‍ക്ക് പ്രാഥമികമായ നിയന്ത്രണമില്ല. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആയിരിക്കും അവര്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഉത്തരവാദിത്തവും. അതുകൊണ്ടുതന്നെ താരതമ്യേന സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ അവിടെ സാധ്യമാകുന്നു.

നിലവിലെ ഐ.ടി ആക്ട് അനുസരിച്ച് നേരിട്ടുള്ള നിയന്ത്രണം അസാധ്യമാണ് എന്നറിഞ്ഞതുകൊണ്ട് ചട്ടങ്ങളുടെ ഭാഗമായി വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. 2019-ലും 2021-ലുമെല്ലാം ഇന്റര്‍മീഡിയറി റെഗുലേഷന്‍ ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നു. രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ ഇവ ചോദ്യം ചെയ്യുന്ന വ്യവഹാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ചട്ടങ്ങളിലെ പല വ്യവസ്ഥകളും ഇതിനോടകം സ്റ്റേ ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ചട്ടങ്ങള്‍ വിഭാവനം ചെയ്തിരുന്നത് പോലെയുള്ള സെന്‍സര്‍ഷിപ്പ് സാധ്യമായിരുന്നില്ല. അതേ തുടര്‍ന്നാണ് 2013-ല്‍ വീണ്ടും പുതിയ ഐടി റൂള്‍സ് വരുന്നത്. വ്യാജവാര്‍ത്തകള്‍ തടയാനെന്ന പേരില്‍, വാര്‍ത്തകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കുമേല്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് ഈ ചട്ടങ്ങള്‍.

യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച വാര്‍ത്തകളിലെ വാസ്തവം തിരിച്ചറിയുന്നതിന് ഒരു ‘വസ്തുതാ പരിശോധനാ സമിതി’ രൂപീകരിക്കുവാന്‍ ഗവണ്‍മെന്റിനെ അധികാരപ്പെടുത്തുന്നതാണ് 2003-ലെ ചട്ടങ്ങള്‍. ‘വ്യാജമോ, നുണയോ, തെറ്റിദ്ധരിപ്പിക്കുന്നതോ’ ആയ ഉള്ളടക്കങ്ങള്‍ കണ്ടെത്തി അവയെ ഇന്റര്‍ മീഡിയറി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കുകയാണ് ഈ സമിതി ചെയ്യുക.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിവരസാങ്കേതിക നിയമത്തിലുള്ള സംരക്ഷണം ഇവര്‍ക്ക് നഷ്ടപ്പെടുന്നു. ഉള്ളടക്കങ്ങള്‍ക്കു നേരിട്ട് ഉത്തരവാദികളായി തീരും. ‘ഇടനിലക്കാര്‍’ നിയമനടപടികള്‍ നേരിടേണ്ടി വരും. വസ്തുതാ പരിശോധന സമിതിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്നതിന് കൃത്യമായ സംവിധാനങ്ങള്‍ ഒന്നും ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് ഒരു പരിഹാരമുള്ളത്.

മാത്രമല്ല ഇടനിലക്കാരന്‍ എന്ന നിര്‍വചനം ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ഉള്‍പ്പെടെ സൈബര്‍ മേഖലയിലെ സേവനദാതാക്കളെല്ലാം ഉള്‍പ്പെടുന്നത്ര വിശാലമാണ്. കോടിക്കണക്കിന് വരുന്ന ഉപയോക്താക്കളുടെയെല്ലാം പ്രവര്‍ത്തികള്‍ക്കുമേല്‍ യാതൊരു നിയന്ത്രണവും ഇടനിലക്കാര്‍ എന്ന നിലയില്‍ ഈ സേവനദാതാക്കള്‍ക്കില്ല. വ്യാജമെന്ന് ടാഗ് ചെയ്ത വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ചു മനസ്സിലാക്കാനുള്ള സംവിധാനവുമില്ല.

ചട്ടങ്ങള്‍ക്കകത്തും സമിതി നിര്‍ദ്ദേശങ്ങള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും വിശദീകരിച്ചിട്ടില്ല. ആയതിനാല്‍, ചൂണ്ടിക്കാണിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുക എന്നതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇടനിലക്കാര്‍ക്കു മുന്നിലില്ല. ഫലത്തില്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ സെന്‍സര്‍ ബോര്‍ഡുകള്‍ ആയിട്ടാണ് ഈ സമിതികള്‍ പ്രവര്‍ത്തിക്കുക. ഈ ചട്ടങ്ങളാണ് ബോംബെ ഹൈക്കോടതിയില്‍ ഹരജിക്കാര്‍ ചോദ്യം ചെയ്തത്.

ഈ ജനുവരി 31-ന് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയുടെ വിധി വന്നു. ജസ്റ്റിസ് ഗൗതം പട്ടേല്‍, ജസ്റ്റിസ് നീലം ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരവിരുദ്ധമായ നിലപാടുകളിലേക്കാണ് എത്തിച്ചേര്‍ന്നത്. ജസ്റ്റിസ് ഗോഖലെ പ്രസ്തുത ചട്ടങ്ങള്‍ ഭരണഘടനാപരം തന്നെയെന്ന് പ്രസ്താവിച്ചു.

ആക്ഷേപഹാസ്യം, ഹാസ്യം, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ എന്നിവ നിയന്ത്രിക്കില്ലെന്ന ഉറപ്പ് കേന്ദ്ര ഗവണ്‍മെന്റ് തന്നിട്ടുള്ളതുകൊണ്ട്, ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാവില്ല എന്നായിരുന്നു അനുമാനം. വസ്തുതാ പരിശോധന സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം നീക്കം ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും, ഈ നിര്‍ദ്ദേശം സംബന്ധിച്ച ഒരു ലേബലോട് കൂടി അവയെ തുടരാന്‍ അനുവദിക്കാമല്ലോയെന്നും വിധിയില്‍ പറയുന്നു. മാത്രവുമല്ല ഇടനിലക്കാര്‍ക്ക് സമിതി നിര്‍ദേശത്തെ കോടതിയില്‍ ചോദ്യം ചെയ്യാനും കഴിയും.

എന്നാല്‍ ജസ്റ്റിസ് പട്ടേല്‍, തികച്ചും വിരുദ്ധമായ ഒരു വായനയാണ് നടത്തിയത്. പ്രസ്തുത ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ‘യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍’ എന്ന നിര്‍വചനം മുതല്‍ തോന്ന്യാസപരമായ തരത്തിലാണ് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളത് എന്ന് അദ്ദേഹം കണ്ടെത്തി.

ഈ നിര്‍വചനത്തിന് കീഴില്‍ ഏതൊക്കെ വിഷയങ്ങളാണ് വരിക എന്നത്, അവ്യക്തവും അനാവശ്യമായ അര്‍ത്ഥ വിശാലതയുള്ളതുമാണ് എന്ന് ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതാണെന്നും സര്‍വ്വോപരി അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ അനുച്ഛേദം 19 (1) അനുവദിക്കുന്നതിനുമപ്പുറമുള്ളതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ലേബല്‍ ചെയ്തു തുടരാന്‍ അനുവദിക്കാം എന്ന ഒരു സാധ്യത ചട്ടങ്ങളില്‍ എവിടെയും പറയുന്നില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതാ പരിശോധന സമിതികളുടെ നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്യാനുള്ള യാതൊരു സാധ്യതകളുമില്ല, കോടിക്കണക്കിന് ഉപഭോക്താക്കളെ സംബന്ധിച്ച ഇത്തരം ആക്ഷേപങ്ങള്‍ പരിശോധിച്ചു അവയെ കോടതിയില്‍ പ്രതിരോധിക്കാനുള്ള യാതൊരു സാധ്യതയും സൈബര്‍ ഇടനിലക്കാര്‍ക്കില്ല. അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ് ഈ പരിഷ്‌കാരങ്ങളെന്ന് സ്പഷ്ടവും യുക്തിയുക്തവുമായി അദ്ദേഹത്തിന്റെ വിധിയില്‍ സ്ഥാപിക്കപ്പെടുന്നുണ്ട്.

ഡിവിഷന്‍ ബെഞ്ചിന് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് ചാന്തുര്‍ക്കറെ കൂടി ഉള്‍പ്പെടുത്തി ബഞ്ച് വിപുലീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്. ഹരജി കോടതിയില്‍ എത്തിയപ്പോള്‍, കോടതിയുടെ തീര്‍പ്പുണ്ടാവുന്നത് വരെ വസ്തുതാ പരിശോധന സമിതികള്‍ രൂപീകരിക്കുകയില്ല എന്ന ഒരു ഉറപ്പ് യൂണിയന്‍ ഗവണ്‍മെന്റ് നല്‍കിയിരുന്നു.

പരസ്പര വിരുദ്ധമായ വിധി ന്യായങ്ങള്‍ പുറത്തുവന്നതോടെ ഈ ഉറപ്പ് തുടരേണ്ടതുണ്ടോ എന്ന കാര്യത്തിലായിരുന്നു അടിയന്തര തീരുമാനമെടുക്കേണ്ടത്. അതു സംബന്ധിച്ചാണ് ഇപ്പോള്‍ കോടതി തീരുമാനത്തിലെത്തിയിരിക്കുന്നത്. കോടതിക്ക് യൂണിയന്‍ ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ കൂടി പരിശോധിക്കുമ്പോള്‍ മുന്നോട്ട് പോകാം എന്ന അഭിപ്രായമായിരുന്നു മൂന്നാമത്തെ ന്യായാധിപനും.

ഇതോടുകൂടി ഇന്ത്യയില്‍ സൈബര്‍ ഇടങ്ങളില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള യൂണിയന്‍ ഗവണ്‍മെന്റിന്റെ നീക്കങ്ങള്‍ക്ക് കോടതിയുടെ അനുമതി കൂടി താല്‍ക്കാലികമായെങ്കിലും ലഭിച്ചിരിക്കുന്നു. കേസ് ഇവിടം കൊണ്ട് അവസാനിക്കില്ലെന്ന് ഉറപ്പാണ്. സുപ്രീംകോടതിയിലും ഇത് സംബന്ധിച്ച സുദീര്‍ഘമായ നിയമ പോരാട്ടങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

‘1984’ എന്ന നോവലില്‍ ‘മിനിസ്ട്രി ഓഫ് ട്രൂത്ത്’ എന്നൊരു മന്ത്രാലയമുണ്ട്. രാജ്യത്തെ ഔദ്യോഗിക സത്യങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന മന്ത്രാലയമാണ്. ചരിത്രപരവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ പാഠങ്ങള്‍ക്കും അന്തിമരൂപവും അംഗീകാരവും നല്‍കുന്നത് ആ മന്ത്രാലയമാണ്. ക്ലോക്കില്‍ പതിമൂന്നാം മണിയടിച്ച ഒഷ്യാനയിലല്ല, ജനാധിപത്യ ഇന്ത്യയില്‍ സത്യങ്ങള്‍ ഏതെന്ന് ഔദ്യോഗികമായി തീരുമാനിക്കുന്ന ഒരു സംവിധാനം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നത് ഭാവിയെ സംബന്ധിച്ച ദിശാസൂചികയാണ്.

freedom of expression IT rules and cyberspace Censorship, a writeup by PB jijeesh

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more