| Sunday, 19th March 2023, 9:30 pm

'ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ഗാത്മകതക്കാണ് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്, അശ്ലീല പ്രചരണത്തിനല്ല'; നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ സര്‍ഗാത്മകതയുടെ പേരില്‍ പ്രചരിക്കപ്പെടുന്ന അശ്ലീല ഭാഷയേയും പ്രവര്‍ത്തിയേയും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ അധിക്ഷേപകരവും അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല പരാമര്‍ശങ്ങളുടെ പ്രചരണം ഉയരുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. സര്‍ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപം അനുവദിക്കാനാകില്ല. നിയമങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ മന്ത്രിസഭ തയ്യാറാണ്.

ഒ.ടി.ടി പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ഗാത്മകതക്കാണ് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. അശ്ലീല പ്രചരണത്തിനല്ല,’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ മതിയായ സൗകര്യങ്ങളുണ്ടെന്ന് താക്കൂര്‍ പറഞ്ഞിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അവയില്‍ 95 ശതമാനവും നിര്‍മാതാക്കള്‍ക്കിടയില്‍ വെച്ചു തന്നെ പരിഹരിക്കപ്പെടാറുണ്ടെന്നും താക്കൂര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കോളേജ് റൊമാന്‍സ് എന്ന വെബ് സീരിസിനെതിരെ ദല്‍ഹി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. സീരിസില്‍ അശ്ലീല ഉള്ളടക്കമുണ്ടെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താക്കൂറിന്റെ പരാമര്‍ശം.

Content Highlight: “Freedom For Creativity, Not Obscenity”: Minister To Streaming Platforms

We use cookies to give you the best possible experience. Learn more