| Thursday, 15th August 2024, 9:49 pm

സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചു; ജനം ടി.വിക്കെതിരെ ഡി.ജി.പിക്ക് പരാതിയുമായി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന തരത്തിൽ പോസ്റ്റർ പങ്ക് വെച്ച ജനം ടി.വിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി ഡി.വൈ.എഫ്.ഐ.

സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റർ പങ്കുവെച്ചത് രാജ്യദ്രോഹപരമാണെന്നും ഡി.വൈ.എഫ് ഐ പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പരാതി നൽകിയ വിവരം പുറത്ത് വിട്ടത്.

ജനം ടി.വിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ പങ്ക് വെച്ചത്. സ്വാതത്ര്യ ദിനാശംസകളുമായി പങ്കുവെച്ച പോസ്റ്റിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍, അദ്ദേഹത്തിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്.

മഹാത്മാഗാന്ധിക്കെതിരെ വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ, ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടി.വി രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ഒപ്പം ജനം ടി.വിയോടുള്ള തങ്ങളുടെ പ്രതിഷേധവും അവർ രേഖപ്പെടുത്തി.

‘ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്രത്തിലധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തം മുറുകെപ്പിടിക്കുന്ന ജനം ടി.വി രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരത്തെയും അപമാനിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്.

പോസ്റ്ററിൽ ഗാന്ധിയെക്കാൾ പ്രാധാന്യം ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവർക്കർക്ക് നൽകിയത് രാജ്യത്തെ സ്വാതന്ത്ര സമര ചരിത്രത്തെ പോലും അവഹേളിക്കുന്നതും സമൂഹത്തിൽ സ്പർധ ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണ്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,’ ഡി.വൈ.എഫ്.ഐ ഫേസ്ബുക്കിൽ കുറിച്ചു.

സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ് എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 14 ബുധനാഴ്ചയാണ് ജനം ടി.വി. അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ കാര്‍ഡ് പ്രസിദ്ധീകരിച്ചത്. 40ലധികം ആളുകളുടെ ചിത്രങ്ങളാണ് ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും താഴെ ഏറ്റവും ചെറുതായി തീരെ പ്രാധാന്യമില്ലാത്ത തരത്തിലാണ് ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ഗാന്ധിയുടെ ചിത്രമുള്ളത്. അംബേദ്കറും, ഭഗത് സിങ്ങുമെല്ലാം ഈ കാര്‍ഡിലുണ്ടെങ്കിലും നെഹ്റുവിന്റെ ചിത്രം ഈ കാര്‍ഡിലില്ല.

ജനം ടി.വിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന കാര്‍ഡിനെതിരെ കെ.എസ്.യു വിദ്യാർത്ഥി സംഘടനയും പരാതി നൽകിയിരുന്നു.

Content Highlight: Freedom fighters were insulted; DYFI complains to DGP against Janam TV

   

Latest Stories

We use cookies to give you the best possible experience. Learn more