| Sunday, 23rd July 2023, 3:31 pm

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട് സായുധസംഘം തീകൊളുത്തി. കാക്ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിലാണ് സംഭവം. 80കാരിയായ ഇബെറ്റോംബിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സെറോ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മെയ് 28നാണ് സംഭവം നടന്നിരിക്കുന്നത്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ആദരിച്ച സ്വതന്ത്ര്യ സമര സേനാനിയാണ് അവരുടെ ഭര്‍ത്താവ് എസ്.ചുരാചന്ദ് സിങ്.

രക്ഷിക്കാനായി തങ്ങള്‍ എത്തിയപ്പോഴേക്കും വീടിന് മുഴുവന്‍ തീപിടിച്ചിരുന്നതായി ഇബെറ്റോംമ്പിയുടെ പേരക്കുട്ടി പ്രേംകാന്ത പറഞ്ഞു.

‘അക്രമികള്‍ വീട് പുറത്ത് നിന്ന് പൂട്ടിയപ്പോള്‍ ഇബെറ്റോംബി വീടിനകത്തായിരുന്നു ഉണ്ടായിരുന്നത്. അവര്‍ വീടിന് തീയിട്ടു. രക്ഷിക്കാനായി ഞങ്ങള്‍ എത്തിയപ്പോഴേക്കും വീടിന് മുഴുവന്‍ തീപിടിച്ചിരുന്നു,’ ഇബെറ്റോംമ്പിയുടെ പേരക്കുട്ടി പ്രേംകാന്ത എന്‍.ഡി.ടി.വിയോട് പറഞ്ഞു. മുത്തശ്ശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കൈക്ക് വെടിയേറ്റതായും താന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു.

വെടിവെപ്പിനിടയില്‍ വളരെ ബുദ്ധിമുട്ടി ഒരു എം.എല്‍.എയുടെ വീട്ടിലെത്തിയാണ് തങ്ങള്‍ അഭയം പ്രാപിച്ചതെന്ന് ഇബെറ്റോംമ്പിയുടെ മരുമകള്‍ എസ്.തമ്പാസന പറഞ്ഞു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ രംഗത്തെത്തി. കലാപം തുടരുന്ന മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആള്‍ക്കൂട്ടം തീകൊളുത്തിയെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ അടിയന്തര നടപടികള്‍ എടുക്കുന്നതിന് പകരം വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തികാട്ടി കലാപത്തെ ന്യായീകരിക്കാനാണ് ബി.ജെ.പിയും മോദി സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മണിപ്പൂരില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. 80 കാരിയായ സ്ത്രീകയെ ആള്‍ക്കൂട്ടം വീടിനുള്ളില്‍ പൂട്ടിയിട്ട് തീ കൊളുത്തി. മണിപ്പൂരില്‍ അടിയന്തര നടപടികള്‍ എടുക്കുന്നതിന് പകരം വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തികാട്ടി കലാപത്തെ ന്യായീകരിക്കാനാണ് ബി.ജെ.പിയും മോദിസര്‍ക്കാരും ശ്രമിക്കുകയാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മണിപ്പൂരില്‍ കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഇതുവരെ ആറ് പ്രതികളാണ് അറസ്റ്റിലായത്.

ബുധനാഴ്ചയായിരുന്നു രണ്ട് കുകി സ്ത്രീകളെ അക്രമികള്‍ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ ഒരു സ്ത്രീ കൂട്ട ബലാത്സംഗത്തിനും ഇരയായിട്ടുണ്ട്. മെയ് നാലിന് കാങ്‌പോക്പി ജില്ലയിലായിരുന്നു സംഭവം നടന്നത്.

തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്കാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ ഇംഫാലില്‍ രണ്ട് സ്ത്രീകളെ കൂടി ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. മെയ് നാലിന് തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. 21 ഉം 24 ഉം പ്രായമുള്ള രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ഇരകളില്‍ ഒരാളുടെ അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍വാഷില്‍ ജോലി ചെയ്തിരുന്ന രണ്ട് കുകി സ്ത്രീകളാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

Content Highlight: Freedom Fighter’s wife was locked inside the house and burnt Alive in Manipur

We use cookies to give you the best possible experience. Learn more