സ്റ്റാര്‍ഡം ഇല്ലാത്ത സിനിമകളാണ് കഴിഞ്ഞ ഒരു വര്‍ഷം ആളുകള്‍ സ്വീകരിച്ചത്; വിഷയത്തില്‍ പുതുമ കാണിച്ച ചിത്രങ്ങളെക്കുറിച്ച് ജിയോ ബേബി
Entertainment news
സ്റ്റാര്‍ഡം ഇല്ലാത്ത സിനിമകളാണ് കഴിഞ്ഞ ഒരു വര്‍ഷം ആളുകള്‍ സ്വീകരിച്ചത്; വിഷയത്തില്‍ പുതുമ കാണിച്ച ചിത്രങ്ങളെക്കുറിച്ച് ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th February 2022, 12:02 pm

ഏറെ സ്വീകരിക്കപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി സംവിധായകനാവുന്ന ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്.

സ്വാതന്ത്ര്യം പ്രധാന പ്രമേയമാക്കി ഒരുക്കിയ ഫ്രീഡം ഫൈറ്റില്‍ ജിയോ ബേബിക്ക് പുറമെ അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് എന്നിവര്‍ സംവിധാനം ചെയ്ത സിനിമകളാണുള്ളത്.

ഫെബ്രുവരി 11ന് സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.

മലയാള സിനിമയില്‍ ഇപ്പോഴുള്ളത് ഒരു ഷിഫ്റ്റിംഗ് ഫേസ് ആണെന്നും വിഷയത്തില്‍ പുതുമ കൊണ്ടുവരുന്ന സിനിമകളെ ആളുകള്‍ സ്വീകരിക്കുന്നുണ്ടെന്നും പറയുകയാണ് ഇപ്പോള്‍ ജിയോ ബേബി.

ബിഹൈന്‍ഡ്‌വുഡ്‌സ് ഐസ് നടത്തിയ ഡയറക്ടേഴ്സ് റൗണ്ട്‌ടേബിളില്‍ ഫ്രീഡം ഫൈറ്റിലെ മറ്റ് സംവിധായകര്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിയോ ബേബി. ക്രിയേറ്റീവ് സിനിമകള്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ എന്നിങ്ങനെ വിഭാഗങ്ങളാക്കി സിനിമകളെ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

”ഒരു ഫേസ് ഷിഫ്റ്റിംഗ് പ്രോസസിലാണ് സിനിമ. സിനിമ ഭയങ്കരമായി മാറുന്നു എന്നല്ല, സിനിമയിലൂടെ പറയുന്ന കണ്ടന്റുകള്‍ക്ക് കുറേക്കൂടെ വ്യക്തതയും കൃത്യതയും വരുന്നുണ്ട്.

പ്രോഗ്രസീവ് ആയ സിനിമകള്‍ 2021ല്‍ ഉണ്ടായി. ആ ഒരു മാറ്റത്തിനെ ഈ ഇന്‍ഡസ്ട്രി ഉള്‍ക്കൊള്ളേണ്ടി വരും. നമ്മുടേത് നല്ല രീതിയില്‍ മുന്നോട്ട് പോവുന്ന ഒരു സമൂഹമായത് കൊണ്ടാണ് ഇത്തരം സിനിമകള്‍ സ്വീകരിക്കപ്പെടുന്നത്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉള്‍പ്പെടെയുള്ള സിനിമയുടെ സൗന്ദര്യാത്മകത മാറ്റിവെച്ച് നോക്കിയാലും ഒരുപാട് സിനിമകളുണ്ട്.

ഇടക്ക് റിലീസ് ചെയ്ത സിനിമകള്‍ എടുത്ത് നോക്കുമ്പോള്‍ സാറാസ്, ആര്‍ക്കറിയാം, നായാട്ട്, സൂപ്പര്‍ ശരണ്യ ഭീമന്റെ വഴി- ഇതിലൊക്കെ നമ്മള്‍ ഇത്രയും കാലം പറയാത്ത വിഷയങ്ങള്‍ വരുന്നുണ്ട്.

അതൊക്കെ മനുഷ്യര്‍ക്ക് ഇഷ്ടപ്പെടുന്നു, സ്വീകരിക്കപ്പെടുന്നു. ജാന്‍ എ മന്‍ സ്വീകരിക്കപ്പെട്ടു.

സിനിമ മാറുന്നുണ്ട്. സ്റ്റാര്‍ഡം ഇല്ലാത്ത സിനിമകളാണ് ഇക്കഴിഞ്ഞ ഒരു വര്‍ഷം മനുഷ്യര്‍ സ്വീകരിച്ചത്. അതൊക്കെ നല്ല മാറ്റമാണ്.

സ്റ്റാര്‍ഡത്തിനെ കുറ്റം പറയുകയല്ല. കണ്ടന്റിനെ ആളുകള്‍ സ്വീകരിച്ച് തുടങ്ങുന്നത്. അപ്പൊ സ്വാഭാവികമായും അത് കൊമേഴ്‌സ്യല്‍ ആവുമല്ലോ. ഇപ്പറഞ്ഞ സിനിമകളെല്ലാം തന്നെ കൊമേഴ്‌സ്യലി വര്‍ക്കൗട്ട് ആയ സിനിമകളാണ്,” ജിയോ ബേബി പറഞ്ഞു.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്രീഡം ഫൈറ്റ് നിര്‍മിച്ചിരിക്കുന്നത്.

രജിഷ വിജയന്‍, രോഹിണി, ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ ആന്തോളജിയില്‍ വിവിധ ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട്.


Content Highlight: Freedom Fight movie director Jeo baby on movies with fresh contents