അടുത്ത കാലത്ത് ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയ ഹ്രസ്വചിത്രമായിരുന്നു ഫ്രീഡം അറ്റ് മിഡ്‌നെറ്റ്. സ്ത്രീപക്ഷവാദമാണെന്ന വ്യാജേന പിന്തിരിപ്പന്‍ ആശയങ്ങളാണ് ചിത്രം മുന്നോട്ടുവെക്കുന്നതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇറങ്ങിയതിന് പിന്നാലെ ഈ സിനിമയും ഫ്രീഡം അറ്റ് മിഡ്‌നൈറ്റും തമ്മില്‍ താരതമ്യം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ താരതമ്യങ്ങളോട് പ്രതികരിക്കുകയാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് സംവിധായകന്‍ ആര്‍.ജെ ഷാന്‍.
രണ്ടും രണ്ട് ചിത്രങ്ങളാണെന്നും രണ്ട് ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ ഭാരതത്തിലെ ഏതൊക്കെയോ വീടുകളില്‍ ജീവിച്ചിരിപ്പുണ്ടെന്നും ആര്‍.ജെ ഷാന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.ജെ ഷാനിന്റെ പ്രതികരണം.
‘രണ്ടും രണ്ടു ചിത്രങ്ങളാണ്, ആകസ്മികമായ ചില സാമ്യതകള്‍ ഉണ്ട് എന്ന് ചിലര്‍ ചൂണ്ടി കാട്ടിയിരുന്നു. രണ്ടു ചിത്രത്തിലെയും കഥാപാത്രങ്ങള്‍ ഭാരതത്തിലെ ഏതൊക്കെയോ വീടുകളില്‍ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നു. അര മണിക്കൂര്‍ മാത്രം ആയുസ്സുള്ള രണ്ടു ‘കഥാപാത്രങ്ങള്‍’ ആണ് ചന്ദ്രയും ദാസും, അവര്‍ ഇത്രയധികം ദിവസം പ്രേക്ഷകന്റെ മനസ്സില്‍ ഒരു ചിന്തയായി അവശേഷിക്കുന്നു എന്നത് തന്നെ ആണ് ഞങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം. ഒരു ഷോര്‍ട്ട് ഫിലിം ഒരു ഫീച്ചര്‍ ഫിലിമുമായി ആശയ പരമായി ചര്‍ച്ച ആകുന്നതു വളരെ പോസിറ്റീവ് ആയി കാണുന്നു. സിനിമകള്‍ സംസാരിക്കട്ടെ.’ ആര്‍.ജെ ഷാന്‍ പറയുന്നു.
മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നിവയാണ് ആര്‍.ജെ ഷാന്‍ നേരത്തെ ചെയ്ത ചിത്രങ്ങള്‍. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ജനുവരി 9നാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. അനുപമ പരമേശ്വരന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാനാണ് സഹതാരം.
അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ചിത്രത്തില്‍ ചന്ദ്രയെന്ന യുവതിയുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത്. തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അബ്ദുള്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ലിജിന്‍ ബാബിനോവാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അഖില മിഥുനാണ് ചിത്രത്തിന്റെ നിര്‍മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക