വാഷിംഗ്ടണ്‍: മ്യാന്‍മര്‍ പട്ടാളത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ നഥാന്‍ മൗംഗ്. മൂന്നു മാസക്കാലത്തോളം മ്യാന്‍മറില്‍ തടവില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം പുറത്തിറങ്ങിയത്.
തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തടവുകാലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
കമായുത്ത് മീഡിയ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററാണ് മൗംഗ്. ഇക്കഴിഞ്ഞ മാര്‍ച്ച് 9നാണ് ഇദ്ദേഹത്തെ മ്യാന്‍മറിലെത്തിയ സേന തടവിലാക്കിയത്. നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ജൂണ്‍ 15നാണ് മൗംഗിനെ കുറ്റവിമുക്തനാക്കിയത്.
അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ദിവസങ്ങള്‍ അതികഠിനമായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
”ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനമായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ഉദ്യോഗസ്ഥര്‍ എന്നെ തല്ലുമായിരുന്നു. ചില ഉദ്യോഗസ്ഥര്‍ വന്ന് എന്റെ ചെവിക്കല്ല് പൊത്തിയായിരുന്നു അടിച്ചിരുന്നത്. നിവര്‍ന്നു നില്‍ക്കാന്‍ അവര്‍ എന്നെ സമ്മതിച്ചിരുന്നില്ല. മര്‍ദ്ദനത്തില്‍ എന്റെ കാലുകളില്‍ നീര് വന്ന് വീര്‍ത്തു. ഒന്നനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു,’ നഥാന്‍ പറഞ്ഞു.
ദിവസങ്ങളോളം നീണ്ട ചോദ്യം ചെയ്യലായിരുന്നുവെന്നും ഉറങ്ങാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും നഥാന്‍ പറഞ്ഞു. അതേസമയം ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.
ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.
പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായെത്തിയവരെ സേന അതിക്രൂരമായാണ് നേരിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ ജയിലിലാവുകയും ചെയ്തു.
അതിനിടെ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ പട്ടിണിയെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടമരണം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം വിദഗ്ധരാണ് പട്ടാളത്തിന്റെ അടിച്ചമര്‍ത്തലും അക്രമവും രാജ്യത്തെ ജനങ്ങളെ ഗുരുതരാവസ്ഥയിലാക്കുമെന്ന് പറഞ്ഞത്.