|

ഗസയില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്ന് മോചിതരായ ഇസ്രഈലി തടവുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്ന മോചിതരായ ഇസ്രഈല്‍ തടവുകാര്‍. ഹമാസുമായി ഇനിയും യുദ്ധം തുടരുന്നത് രാജ്യത്ത് ബന്ദികളാക്കപ്പെട്ടവരുടെ ജീവന് ഭീഷണിയാണെന്നും മോചിതരായ ഇസ്രഈല്‍ തടവുകാരുടെ സംഘം പറഞ്ഞു.

കരാര്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് മോചിതരായ 56 തടവുകാര്‍ അടങ്ങുന്ന സംഘം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ആവശ്യപ്പെട്ടു.

ഇസ്രഈലി തടവുകാരെ ഫലസ്തീനില്‍ നിന്നും മോചിപ്പിച്ച ശേഷം, ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ മാര്‍ച്ച് ഒന്നിന് അവസാനിച്ചിരുന്നു.

ഒന്നാം ഘട്ടം ഏപ്രില്‍ പകുതി വരെ നീട്ടാമെന്ന് ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹമാസ് ആവശ്യം അംഗീകരിച്ചിരുന്നില്ല. രണ്ടാം ഘട്ട വെടിനിര്‍ത്തലിലേക്ക് മാറണമെന്നും ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായി പിന്മാറണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു.

കരാര്‍ നടപ്പിലാക്കണമെന്നും രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ഗസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിന് അതിര്‍ത്തി കടന്നുള്ള വഴികള്‍ തുറക്കണമെന്നും ഹമാസ് ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ, ഞായറാഴ്ച ഗസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രായേല്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലിലേക്ക് ഹമാസിന്റെ നേതൃത്വത്തിലുള്ള പ്രത്യാക്രമണത്തിന് ശേഷമാണ് യുദ്ധം ആരംഭിച്ചത്, അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇസ്രഈല്‍ ആക്രമണത്തില്‍ 61,709 ഗസ നിവാസികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ നിരവധി മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

Content Highlight: Freed Israeli prisoners demand a complete ceasefire in Gaza