കണിച്ചുകുളങ്ങരയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ വി.പി. വിനീഷാണ് തന്റെ ഓട്ടോയില്‍ വൈഫൈ സംവിധാനം സ്ഥാപിച്ചത്. ഇപ്പോള്‍ “ചാര്‍ലി” എന്ന പേരിട്ടിട്ടുള്ള വിനീഷിന്റെ ഓട്ടോയില്‍ കയറാന്‍ യുവാക്കളുടെ നിരയാണ്. ദേശീയപാതയില്‍ കണിച്ചുകുളങ്ങര ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് പലപ്പോഴും സൗജന്യ വൈഫൈ കേന്ദ്രമായി മാറുന്നുമുണ്ട്.
യാത്ര സമയത്ത് മാത്രമല്ല, സ്റ്റാന്‍ഡില്‍ വെറുതെ കിടക്കുമ്പോഴും വൈഫൈ ഓണായിരിക്കും. ഇത് ബസ് സ്റ്റോപ്പിലെത്തുന്നവര്‍ക്കും മറ്റു ഓട്ടോക്കാര്‍ക്കുമെല്ലാം സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നു. ഓട്ടോയില്‍ സ്ഥാപിച്ച വൈഫൈ ഉപകരണം ചാര്‍ജ് ചെയ്താണ് സൗകര്യം ഒരുക്കുന്നത്.
ഒരുമാസം 800 രൂപയോളം ഇതിനായി വേണം. വൈഫൈ വന്നതോടെ കൂടുതല്‍ ഓട്ടം കിട്ടുന്നതിനാല്‍ ചെലവൊന്നും പ്രശ്‌നമാകില്ലെന്ന് വിനീഷ് പറയുന്നു.
ഐ.ടി.ഐ.യില്‍നിന്ന് മെക്കാനിക്കല്‍ ട്രേഡ് പാസായ വിനീഷ് ചില മോട്ടോര്‍ സ്ഥാപനങ്ങളിലൊക്കെ ജോലിചെയ്തിട്ടുണ്ട്. എന്നാല്‍, പി.എസ്.സി. പരീക്ഷയ്ക്ക് പഠിച്ച് ഒരു ജോലി നേടുന്നതിനായാണ് ഓട്ടോ ഓടിക്കലിനെത്തിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.സി. പഠനത്തിന് സൗകര്യമുള്ള ഒരു കോളേജിനടുത്തുതന്നെയാണ് വിനീഷിന്റെ ഓട്ടോ സ്റ്റാന്‍ഡ്.
അല്പസമയം വീണുകിട്ടിയാല്‍ പഠിക്കാന്‍ പോകും. ഒരുവര്‍ഷമായി ഓട്ടോ ഓടിക്കല്‍ തുടങ്ങിയിട്ട്. ചാര്‍ലി സിനിമ ഹിറ്റായതോടെ വിനീഷ് ഓട്ടോയ്ക്ക് ഈ പേരിട്ടു. ഇതോടെ വൈഫൈ ഓട്ടോ കൂടുതല്‍ ഹിറ്റായി.