തിരുവനന്തപുരം: വാക്‌സിനേഷന്‍ സൗജന്യമാക്കി പ്രഖ്യാപിച്ചതിലൂടെ വിരാമമാകുന്നതു കേരള സര്‍ക്കാര്‍ നിരന്തരം നടത്തിയ ഇടപെടലുകള്‍ക്ക്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പ്രഖ്യാപിച്ചതു മുതല്‍ കേരളം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ 18 മുതല്‍ 44 വയസു വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന് വില നിശ്ചയിച്ചു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്‌സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.
ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിരന്തരമായി കോടതിയില്‍ നിന്നു വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണു കേന്ദ്രസര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 11 ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാര്‍ക്കു കത്തയച്ച് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മേയ് 31 നാണ് തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു പിണറായി കത്തയച്ചത്.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംയുക്തമായി മുന്നോട്ട് വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
വിദേശ മരുന്നു കമ്പനികള്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനം ബുദ്ധിമുട്ടുമെന്ന സാഹചര്യമുണ്ടായപ്പോള്‍ യാതൊരു ആഹ്വാനവുമില്ലാതെ മലയാളികള്‍ വാക്‌സിന്‍ ചലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണമയയ്ക്കുന്ന സാഹചര്യവുമുണ്ടായി.