ന്യൂദല്‍ഹി: ദല്‍ഹിയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴു സീറ്റുകളിലും ആം ആദ്മി പാര്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി കെജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്.
ഇത് നടപ്പിലാക്കുമ്പോള്‍ ദല്‍ഹി സര്‍ക്കാറിന് ഒരു വര്‍ഷം 700 കോടിയുടെ ബാധ്യത വരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
ബസുകള്‍, മെട്രോ ട്രെയിനുകള്‍, എന്നിവയിലെല്ലാം സ്ത്രീകള്‍ക്ക് യാത്ര സൗജന്യ യാത്ര അനുവദിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
‘എല്ലാ ഡി.ടി.സി ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും മെട്രോ ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായും സുരക്ഷിതമായും യാത്ര ചെയ്യാം. ഉയര്‍ന്ന യാത്രാ ചിലവുകാരണം സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതിരുന്ന യാത്രാ സൗകര്യങ്ങള്‍ ഇനി ഉപയോഗിക്കാം. ‘ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഈ പദ്ധതി നടപ്പിലാക്കാന്‍ ദല്‍ഹി സര്‍ക്കാറിന് കേന്ദ്രസര്‍ക്കാറിന്റെ അനുവാദം വേണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.