കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യുക്തിവാദി നേതാവും തിരുവനന്തപുരം വിമന്‍സ് കോളജിലെ അസി. പ്രഫസറുമായ സി. രവിചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. എഴുത്തുകാരി ലക്ഷ്മി രാജീവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
രവിചന്ദ്രന്‍ യുട്യൂബില്‍ വിഡിയോ അപ്‌ലോഡ് ചെയ്തും പ്രസംഗത്തിലൂടെയും തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രവിചന്ദ്രനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി രാജീവ് നല്‍കിയ ഹരജി പരിഗണിച്ചു കൊണ്ടാണ് രവിചന്ദ്രന് കോടതി നോട്ടീസ് അയച്ചത്.
രവിചന്ദ്രനെതിരെ പൊലിസ് കേസെടുത്ത പശ്ചാത്തലത്തില്‍ കേരളാ സിവില്‍ സര്‍വീസ് ചട്ടപ്രകാരം രവിചന്ദ്രനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.
രവിചന്ദ്രന്‍ യുട്യൂബിലൂടെയും അടൂരില്‍ നടത്തിയ പ്രസംഗത്തിലൂടെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഹരജിക്കാരി നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് രവിചന്ദ്രനെതിരെ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. ഈ പശ്ചാത്തലത്തില്‍ പ്രതിയെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ലക്ഷ്മി രാജീവ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.