ന്യൂദല്‍ഹി: ഗുര്‍മെഹര്‍ കൗറിനെ അത്ര പെട്ടെന്നൊന്നും ആരും മറന്നുകാണില്ല. എ.ബി.വി.പിയ്‌ക്കെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ച, പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നതെന്ന് എഴുതിയ പ്ലക്കാര്‍ഡുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഗുര്‍മെഹര്‍. ജന്ദര്‍മന്ദര്‍ സ്വദേശിയായ ഗുര്‍മെഹറിനെ തങ്ങളുടെ ടോപ്പ് ടെന്‍ അടുത്ത തലമുറ നേതാക്കളില്‍ ഒരാളായി തെരഞ്ഞെടുത്തിരിക്കുകയാണ് ടൈം മാഗസിന്‍.
ദല്‍ഹി സര്‍വ്വകലാശാലയുടെ രാംജാസ് കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിക്കുന്നതിലൂടെയാണ് ഗുര്‍മെഹര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തുടര്‍ന്ന് ഗുര്‍മെഹറിന് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമൊക്കെ വന്നിരുന്നു. തുടര്‍ന്ന് കുറച്ച് നാളേക്ക് ഗുര്‍മെഹര്‍ ദല്‍ഹിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ഉമര്‍ ഖാലിദ് പങ്കെടുക്കാനിരുന്ന പരിപാടിയ്‌ക്കെതിരെ എ.ബി.വി.പി നടത്തിയ പ്രതിഷേധമായിരുന്നു പിന്നീട് ആക്രമണത്തിലേക്ക് വഴിമാറിയത്. ” എന്നാല്‍ അവളിന്നും നിശ്ബദയാകാന്‍ തയ്യാറല്ല.” എന്നാണ് ടൈം ഗുര്‍മെഹറിനെ കുറിച്ച് പറയുന്നത്. തന്റെ അനുഭവങ്ങള്‍ സ്മാള്‍ ആക്ട്‌സ് ഓഫ് ഫ്രീഡം എന്ന പേരിലൊരു പുസ്തമാക്കാനും ഗുര്‍മെഹര്‍ തീരുമാനിച്ചതായി ടൈം പറയുന്നു.
“ഞാനെന്തിന് നിശബ്ദയായിരിക്കണം? ഞാന്‍ മുന്നോട്ട് വരാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. ഞാന്‍ പറയുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. എനിക്ക് എന്തെങ്കിലും നല്ലത് പറയാനുണ്ടെങ്കില്‍ അതെന്തുകൊണ്ട് പറഞ്ഞുകൂട?” ടൈംമിന് നല്‍കിയ അഭിമുഖത്തില്‍ ഗുര്‍മെഹര്‍ പറയുന്നു.
ഒക്ടോബര്‍ 12 ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ പതിപ്പില്‍ ലോകത്ത് മാറ്റം സൃഷ്ടിക്കുന്ന പത്ത് യുവാക്കളില്‍ രണ്ടാമതായാണ് ഗുര്‍മെഹറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മറ്റാരും പട്ടികയിലില്ല.