ന്യൂദല്‍ഹി: അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ പ്രതാപ് ഭാനു മെഹ്ത്തയുടെയും അരവിന്ദ് സുബ്രഹ്മണ്യത്തിന്റെയും രാജിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സ്വാതന്ത്ര്യത്തിനുമേലുള്ള അപകടകരമായ അക്രമത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു.
” ഒരു സര്‍വകലാശാലയുടെ അത്മാവ് അഭിപ്രായ സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കുക എന്നാല്‍ അതിന്റെ ആത്മാവ് വില്‍ക്കുന്നത് പോലെയാണ്,” രഘുറാം രാജന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനായ മെഹ്ത്ത 2019ല്‍ അശോക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പദവി രാജിവെച്ചിരുന്നു. പിന്നീട് അദ്ദേഹം ഇതേ സര്‍വകലാശാലയില്‍ തന്നെ പ്രൊഫസറായി തുടരുകയായിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹം വീണ്ടു രാജിസമര്‍പ്പിച്ചത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാളബിക സര്‍ക്കാരിനെഴുതിയ രാജികത്തില്‍ സര്‍വകലാശാലയുമായുള്ള തന്റെ ബന്ധം ഒരു രാഷ്ട്രീയ ബാധ്യതയായി മാറുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മെഹ്ത്തയുടെ രാജിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.