| Friday, 9th January 2015, 11:56 am

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനം ഈ പൊതുസ്ഥാപനത്തെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്ന് കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശിയുടെ നിരീക്ഷണം.

സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭയുടേയോ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ അനുമതിയോടെയായിരുന്നോ അല്ലെങ്കില്‍ അത് കെ.എസ്.ആര്‍.ടി.സിയുടെ ഏകപക്ഷീയമായ തീരുമാനമാണോ എന്ന് കമ്മീഷന്‍ പാനല്‍ വിശദീകരണം ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിക്കുന്ന നഷ്ടം എത്രയാണെന്നും ഫെബ്രുവരി 5 നു മുമ്പ് വിശദമാക്കണമെന്ന് കോശി ആവശ്യപ്പെട്ടു. നേരത്തെ ബസ്ചാര്‍ജ് വര്‍ധനയുണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സര്‍ക്കാര്‍ ഖജനാവിനെ ദീര്‍ഘകാലം പ്രതികൂലമായി ബാധിക്കുമെന്നും ബസുകളില്‍ തിരക്കു വര്‍ധിപ്പിക്കാനിടയാക്കുന്നത് ദിവസേന കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുമെന്നും കോശി പറഞ്ഞു.

ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നതിനു മുമ്പ് അതിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നോ എന്നും സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി 11 ന് കേസ് പരിഗണിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ പി.കെ രാജുവാണ് പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more